ബ്രിട്ടനിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ O2വിന്റെ നെറ്റ് വര്‍ക്ക് കഴിഞ്ഞദിവസം രാത്രി നിശ്ചലമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ബുദ്ധിമുട്ടിലായി. O2വിന്റെ വരിക്കാര്‍ക്ക് ഫോണില്‍ നിന്ന കാളുകള്‍ വിളിക്കാനോ സ്വീകരിക്കാനോ മെസേജ് അയക്കാനോ ആകാത്ത നിലയിലാണ്. O2 വിന് യൂകെയിലാകമാനം 23 മില്യണ്‍ ഉപഭോക്താക്കളാണ് ഉളളത്. പ്രശ്‌നം എപ്പോഴത്തേക്ക് പരിഹരിക്കാനാകുമെന്ന് അറിയില്ലെന്ന് O2 അധികൃതര്‍ പറഞ്ഞു.
ചില ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനും ലഭിക്കുന്നില്ല. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ മൊബൈല്‍ഫോണ്‍ കമ്പനിയാണ് O2. എത്ര ഉപഭോക്താക്കളെ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്ന് കൃത്യമായി ഇതുവരെ അറിവായിട്ടില്ല. ഇന്നലെ ഉച്ചമുതലാണ് പ്രശ്‌നം തുടങ്ങിയതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഫോണില്‍ നിന്ന് ട്വിറ്ററും ഫേസ്ബുക്കും എടുക്കാന്‍ ശ്രമിച്ചവര്‍ക്കാണ് ആദ്യം നെറ്റ് വര്‍ക്ക് പോയത്. ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമല്ല രാജ്യത്താകമാനം ഉളള ഉപഭോക്താക്കളെ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്ന് O2 വിന്റെ വക്താവ് അറിയിച്ചു. പ്രധാനപ്പെട്ട നെറ്റ് വര്‍ക്കുമായി ഉപഭോക്താക്കളുടെ ഫോണ്‍ കണക്ട് ചെയ്യാനാകാത്തതാണ് പ്രശ്‌നം. പ്രശ്‌നമെന്താണന്നുളളത് തങ്ങളുടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണന്നും എത്രയും വേഗം അത് പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്നും O2 വിന്റെ വക്താവ് അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് അവര്‍ ക്ഷമ ചോദിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബ്ലാക്ക്‌ബെറിയുടെ ഡേറ്റാ സെന്ററിലുണ്ടായ തകരാര്‍ കാരണം മൂന്ന് ദിവസത്തോളം ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നെറ്റ് വര്‍ക്ക് ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്നു. ബെര്‍ക്ക്‌ഷെയറിലെ ഡേറ്റാസെന്ററിലുണ്ടായ സാങ്കേതിക തകരാര്‍ പിന്നീട് യൂറോപ്പിലേയും മിഡില്‍ ഈസ്റ്റ്, ഇന്‍ഡ്യ, ലാറ്റിന്‍ അമേരിക്ക, കാനഡ, അമേരിക്ക എന്നിവിടങ്ങളിലേ ഉപഭോക്താക്കളേയും ബാധിച്ചിരുന്നു.
കഴിഞ്ഞമാസം ആര്‍ബിഎസ് ബാങ്കിലുണ്ടായ നെറ്റ് വര്‍ക്ക് തകരാര്‍ മൂലം പതിനായിരക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ സാധിക്കാത്ത അവസ്ഥ വന്നിരുന്നു. ആര്‍ബിഎസിന്റെ ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ മാനേജ്‌മെന്റ് സെന്ററില്‍ ഒരു ജൂനിയര്‍ ടെക്‌നീഷ്യന്‍ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് നിഗമനം. എന്നാല്‍ ഇത് സംബന്ധിച്ച് ബാങ്ക് ഔദ്യോഗിക വിശദീകരണം ഒന്നും നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല