സ്വന്തം ലേഖകൻ: യുഎസിന്റെ 47–ാം പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ (78) സ്ഥാനാരോഹണം നാളെ ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കും. വാഷിങ്ടനിൽ ട്രംപിന്റെ രണ്ടാം ഇന്നിങ്സാണ് ഇതോടെ തുടങ്ങുന്നത്. മൈനസ് 6 സെൽഷ്യസിലേക്ക് താപനില താഴ്ന്നതിനാൽ ചടങ്ങുകളൊന്നും പുറത്തു നടത്തില്ല, എല്ലാം അകത്തെ വേദികളിലാണ്.
യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളാകും വേദി. 1985 ൽ റൊണാൾഡ് റെയ്ഗന്റെ സ്ഥാനാരോഹണമാണ് അകത്തെ വേദിയിൽ ഇതിനു മുൻപ് നടത്തിയിട്ടുള്ളത്. സ്ഥാനാരോഹണത്തിനു ശേഷമുള്ള പരേഡും ഉള്ളിലാണു നടത്തുന്നത്. ക്യാപ്പിറ്റൾ വൺ അറീനയിലാണ് ഇത്.
4 വർഷം മുൻപ് യുഎസ് ക്യാപ്പിറ്റളിൽ ട്രംപ് അനുകൂലികൾ ഇരച്ചുകയറിയ സംഭവത്തിനു ശേഷം ആദ്യമായാണ് ട്രംപ് യുഎസ് തലസ്ഥാനത്ത് തിരികെയെത്തുന്നത്. യുഎസ് സൈന്യത്തിന്റെ അർലിങ്ടൻ ദേശീയ സെമിത്തേരിയിൽ ഇന്ന് അദ്ദേഹം ആദരമർപ്പിക്കും. സ്ഥാനാരോഹണച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറാണ്.
സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ്ഹൗസിലേക്ക് ട്രംപിനെ ക്ഷണിച്ച ശേഷം ക്യാപ്പിറ്റളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ പങ്കുചേരും. ജോ ബൈഡനും ഭാര്യ ജില്ലും ട്രംപിനായി ചായ സൽക്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതവണ ബൈഡൻ പ്രസിഡന്റായപ്പോൾ ഈ ചടങ്ങിന് ട്രംപ് തയാറായിരുന്നില്ല. ബൈഡന്റെ വിജയം അദ്ദേഹം അംഗീകരിച്ചതുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല