സ്വന്തം ലേഖകന്‍: ജപ്പാനിലെ ഹിരോഷിമയില്‍ ആറ്റം ബോംബ് പ്രയോഗിച്ചതില്‍ ഖേദമില്ലെന്ന് ബാരക് ഒബാമ. ലോകത്തെ ഏറ്റവും ക്രൂരമായ ആക്രമണത്തില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഹിരോഷിമ ആറ്റം ബോംബ് ആക്രമണത്തില്‍ ഖേദമില്ലെന്ന് ജപ്പാനില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെയാണ് ഒബാമ തുറന്നു പറഞ്ഞത്.
ജാപ്പനീസ് മാധ്യമമായ എന്‍എച്ച്‌കെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ തുറന്ന അഭിപ്രായ പ്രകടനം. ഹിരോഷിമാ സംഭവത്തില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലയെന്ന് മറുപടി പറഞ്ഞ ഒബാമ യുദ്ധത്തിന്റെ മുര്‍ദ്ധന്യാവസ്ഥയില്‍ അത് പ്രധാനമായിരുന്നെന്നും നേതാക്കന്മാര്‍ ഏതു തരത്തിലുമുള്ള തീരുമാനവും എടുത്തെന്ന് വരുമെന്നും പറഞ്ഞു.
ചോദ്യങ്ങള്‍ ചോദിക്കുകയും അവ പഠിക്കുകയും ചെയ്യുന്നത് ചരിത്രകാരന്മാരുടെ ജോലിയാണ്. ഏഴ് ഏഴര വര്‍ഷമായി ഒരു പദവിയില്‍ ഇരിക്കുന്നയാള്‍ക്ക് തീരുമാനംഎടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ചും യുദ്ധകാലത്ത് എന്നും ബോംബ് വര്‍ഷിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഒബാമ പറഞ്ഞു.
1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ ആദ്യ ആറ്റംബോംബ് വര്‍ഷിച്ച ശേഷം ജപ്പാന്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. അമേരിക്ക നടത്തിയ ഈ ബോംബാക്രമണത്തില്‍ കൊല്ലപ്പെടത് 140,000 പേരാണ്. ഇതിന് പുറമേ ലക്ഷക്കണക്കിന് ജപ്പാന്‍കാര്‍ക്ക് പരിക്കേല്‍ക്കുകയും മാരകരോഗങ്ങള്‍ ബാധിക്കുകയും ചെയ്തു. ആണവ വികിരണത്തിന്റെ ഭീഷണി തലമുറകളെ പിന്തുടരുകയും ചെയ്തു.
മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ദക്ഷിണ നഗരമായ നാഗസാക്കിയില്‍ രണ്ടാമത്തെ ബോംബും വര്‍ഷിച്ച അമേരിക്ക ജപ്പാനെ ലോക യുദ്ധത്തില്‍ നിന്ന് തുടച്ചു നീക്കി. 74,000 പേരാണ് നാഗസാക്കിയില്‍ കൊല്ലപ്പെട്ടത്. ഹിരോഷിമ, നാഗസാക്കി ആക്രമണങ്ങളോടെ ജപ്പാന്റെ പരാജയം പൂര്‍ണമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല