സ്വന്തം ലേഖകന്‍: ഹിലരിയെ ജയിപ്പിക്കാന്‍ പ്രസിഡന്റ് ഒബാമയും വൈസ് പ്രസിഡന്റ് ജോ ബൈഡനും ഇറങ്ങുന്നു. യു.എസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണുവേണ്ടി ജൂലൈ അഞ്ചിന് നോര്‍ത് കരോലൈനയിലെ ചാര്‍ലോട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഒബാമ പ്രത്യക്ഷപ്പെടുക. ഇതാദ്യമായാണ് ഒബാമ തന്റെ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത്.
നേരത്തെ ഒബാമ ഹിലരിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ച് പരസ്യ പ്രസ്താവനയും ഇറക്കിയിരുന്നു. ചാര്‍ലോട്ടില്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പുരോഗതി വിലയിരുത്തുമെന്നും അമേരിക്കയെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള വീക്ഷണങ്ങളില്‍ ഒന്നിച്ചുനില്‍ക്കുമെന്നും ഹിലരി പ്രസ്താവനയില്‍ അറിയിച്ചു.
ഹിലരിക്കുവേണ്ടി വൈസ് പ്രസിഡന്റ് ജോ ബൈഡനും ശക്തമായി രംഗത്തുണ്ട്. ഒബാമക്കും ഹിലരിയെ പിന്തുണക്കുന്നവര്‍ക്കും അയച്ച ഇമെയില്‍ സന്ദേശത്തില്‍ ബൈഡന്‍ ഹിലരിയെ വാനോളം പുകഴ്ത്തി. ഒബാമ ഹിലരിയെ പിന്തുണച്ചതില്‍ അഭിമാനിക്കുന്നുവെന്നും പ്രസിഡന്റ് അവരുടെ ടീമിനൊപ്പം നിലയുറപ്പിച്ചതില്‍ നന്ദി പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ ബൈഡന്‍ രാജ്യം മുഴുവന്‍ ഹിലരിക്കൊപ്പം നില്‍ക്കുമെന്നും പറഞ്ഞു.
ഒപ്പം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ട്രംപിന്റേത് ഭീതിയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണെന്നും അതിന് അമേരിക്കയില്‍ സ്ഥാനമില്ലെന്നും ബൈഡന്‍ തുറന്നടിക്കുന്നു. അഭിപ്രായ വോട്ടെടുപ്പുകളിലും സര്‍വേകളിലും നിലവില്‍ ട്രംപിനേക്കാള്‍ മുന്നിലാണ് ഹിലരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല