സ്വന്തം ലേഖകന്‍: ഹിരോഷിമക്ക് ഒബാമയുടെ ആദരാഞ്ജലി, ആണവായുധങ്ങള്‍ ഇല്ലാത്ത ലോകത്തിനായി ആഹ്വാനം. ‘ആകാശത്തുനിന്നു മരണം പെയ്തിറങ്ങി, അതോടെ ലോകം മാറിപ്പോയി’ എന്നു പറഞ്ഞ് ഒരു നിമിഷം കണ്ണുകളടച്ച് ഒബാമ ഹിരോഷിമയിലെ സമാധാന സ്മാരകത്തിനു മുന്നില്‍ തലകുനിച്ചു. ‘ഈ നഗരമധ്യത്തില്‍ നിന്ന് അണുബോംബ് വീണ ആ നിമിഷത്തെപ്പറ്റി ഓര്‍ക്കൂ, മൂകമായ വിലാപം കാതുകളില്‍ മുഴങ്ങും.’ ഒബാമ തന്റെ വികാര നിര്‍ഭരമായ പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് അണുബോംബ് പ്രയോഗത്തിനു മാപ്പു ചോദിച്ചില്ലെന്നതും ശ്രദ്ധേയമായി.
‘നാം യുദ്ധത്തിന്റെ വേദനകള്‍ അറിഞ്ഞു. ഇനി അണ്വായുധമില്ലാത്ത, സമാധാനത്തിന്റേതായ ലോകത്തേക്ക് ഒരുമിച്ചു ചുവടുവയ്ക്കാനുള്ള കരുത്തു നേടണം’ സമാധാന സ്മാരകത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒബാമ കുറിച്ചു.
അണുബോംബിട്ട് 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ 1.40 ലക്ഷം പേരുടെയും മൂന്നു ദിവസത്തിനു ശേഷം നാഗസാക്കിയില്‍ 80,000 പേരുടെയും ജീവനെടുത്ത അമേരിക്കയില്‍നിന്ന് ഒരു പ്രസിഡന്റ് ഇവിടെയെത്തുന്നത് ഇതാദ്യമാണ്.
ആണവ നിരായുധീകരണം എന്ന ശക്തമായ അജന്‍ഡ ലോകത്തിനു നല്‍കിയ പ്രതീക്ഷയുടെ പേരില്‍ നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ഒബാമയ്ക്ക് അധികാരത്തിന്റെ അവസാന നാളുകളില്‍ പോലും ആ ദിശയില്‍ മുന്നേറാന്‍ കഴിഞ്ഞില്ല. ‘പ്രതിരോധത്തിനായാണ് അണുബോംബ് കൈവശം വയ്ക്കുന്നതെന്ന ന്യായീകരണത്തിന് അപ്പുറം പോകാന്‍ കഴിയണം. അണുബോംബില്ലാത്ത ഒരു ലോകത്തിലേക്കു ചുവടുവയ്ക്കാന്‍ കഴിയണം.’
എഴുപതു വര്‍ഷം മുമ്പ് ഹിരോഷിമയില്‍ അമേരിക്ക പ്രയോഗിച്ച ലിറ്റില്‍ ബോയ് എന്ന അണുബോംബ് നല്‍കിയ വേദനകള്‍ പേറി ജീവിക്കുന്ന എഴുപത്തൊമ്പതുകാരനായ ഷിഗേകി മോറിയെ ഒബാമ നെഞ്ചോടു ചേര്‍ക്കുകയും ചെയ്തു. അണുബോംബിന്റെ ദുരിതം പേറുന്ന, ജപ്പാന്‍കാര്‍ ഹിബാക്കുഷ എന്നു വിളിക്കുന്നവരുടെ പ്രതിനിധിയായി 91 വയസുകാരനായ സുനാവോ സുബോയിയും ഒബാമയെ കാണാനെത്തിയിരുന്നു.
അണുബോംബിന്റെ നശീകരണശേഷിയുടെ പ്രതീകമായി പാതി തകര്‍ന്ന മകുടവുമായി നില്‍ക്കുന്ന ബഹുനിലക്കെട്ടിടത്തിനു മുന്നില്‍ നിര്‍മിച്ച സമാധാന സ്മാരകത്തിനു മുന്നില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ഒപ്പമാണ് ഒബാമ തല കുനിച്ചത്.
ഏറെക്കാലത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച ധീരമായ സന്ദര്‍ശനം എന്നാണ് ഒബാമയുടെ വരവിനെ ഷിന്‍സോ ആബെ വിശേഷിപ്പിച്ചത്. ‘ഹിരോഷിമയുടെ വേദനയും അണുബോംബിന്റെ നശീകരണശേഷിയും ലോകം ഓര്‍ക്കാന്‍ ഇതുപകരിക്കും. ഈ ദുരന്തം ഒരിടത്തും ആവര്‍ത്തിക്കരുത്’ ഷിന്‍സോ ആബെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല