സ്വന്തം ലേഖകന്‍: അമേരിക്കക്ക് നല്ലതു വരട്ടെ, നീതിക്കു വേണ്ടുയുള്ള പോരാട്ടത്തില്‍ എന്നും കൂടെയുണ്ടാകും, അവസാന വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ. രാജ്യത്തെ മൗലിക മൂല്യങ്ങള്‍ക്കുനേരെ ഭീഷണി ഉയരുന്ന പക്ഷം ശക്തമായി പ്രതികരിക്കുന്ന വ്യക്തിയായി തന്നെ അമേരിക്കന്‍ ജനതക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂല്യങ്ങള്‍ക്കുവേണ്ടി നാം പോരാടുകയും കര്‍മനിരതരാവുകയും വേണം. അവയെ നിസ്സാരമട്ടില്‍ അവഗണിക്കാന്‍ പാടില്ലെന്നും ഒബാമ വ്യക്തമാക്കി.
പിന്‍ഗാമിയായി അധികാരമേല്‍ക്കുന്ന ട്രംപിന് വ്യക്തമായ ഉപദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. വൈദേശിക പ്രശ്‌നങ്ങളെ സംബന്ധിച്ചും ആഭ്യന്തര വിഷയങ്ങളെ സംബന്ധിച്ചുമുള്ള മികച്ച ഉപദേശങ്ങളാണ് അദ്ദേഹത്തിന് നല്‍കിയത്. എന്റെ കാഴ്ചപ്പാടുകളില്‍നിന്ന് ഭിന്നമായ നിലപാടുകള്‍ കൈക്കൊണ്ടായിരുന്നു അദ്ദേഹം വിജയം വരിച്ചത്. അതിനാല്‍ സ്വന്തം സമീപനങ്ങളുമായിട്ടാകും അദ്ദേഹം മുന്നേറുക. എന്നിരുന്നാലും എന്റെ ഉപദേശങ്ങള്‍ വിലമതിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഒബാമ തുടര്‍ന്നു.
ഇനിയുള്ള കാലം ഭാര്യക്കും രണ്ടു മക്കള്‍ക്കും ഒപ്പം കൂടുതല്‍ സമയം ചെലവിടണമെന്നാണ് ആഗ്രഹം. ചിലതെല്ലാം എഴുതണമെന്നും ആഗ്രഹിക്കുന്നു. അതേസമയം, പത്രങ്ങളുടെ വായ മൂടിക്കെട്ടാനോ വോട്ടവകാശം നിഷേധിക്കാനോ ശ്രമങ്ങളുണ്ടായാല്‍ പ്രതിഷേധിക്കാന്‍ ഞാന്‍ രംഗത്തുണ്ടാകും.
”രാഷ്ട്രത്തിന്റെ പ്രവര്‍ത്തനരീതി വേറെയാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ അടിസ്ഥാനമൂല്യങ്ങളില്‍ വിട്ടുവീഴ്ച നടത്താന്‍ പാടില്ല”. കുടിയേറ്റനയം കര്‍ക്കശമാക്കും മുസ്ലിംകളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ല തുടങ്ങിയ ട്രംപിന്റെ തെരഞ്ഞെടുപ്പുകാല പരാമര്‍ശങ്ങള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഒബാമയുടെ ഈ വിശദീകരണം.
”ഒരുപക്ഷേ, അധികാരമേല്‍ക്കുന്ന ട്രംപിന് സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സാധ്യമാകാതെ വരാം. ഉപദേശകരാകും നയരൂപകര്‍ത്താക്കള്‍. കാബിനറ്റ്, വൈറ്റ് ഹൗസിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടേ പ്രസിഡന്റുമാര്‍ക്ക് മുന്നേറാനാവൂ എന്ന കാര്യവും ഞാന്‍ ട്രംപിനെ ബോധ്യപ്പെടുത്തുകയുണ്ടായി.
വംശീയത തൂത്തെറിയപ്പെടണം. പ്രസിഡന്റ് പദം ഉള്‍പ്പെടെ സമുന്നത പദവികളില്‍ സര്‍വവംശീയ വിഭാഗങ്ങളിലെയും പ്രതിനിധികള്‍ അവരോധിക്കപ്പെടുന്ന അവസ്ഥയുണ്ടാവണം. ലാറ്റിന്‍ വംശജനോ ഹിന്ദുവോ ജൂതനോ ആരായാലും ശരി കഴിവും യോഗ്യതകളും ആകണം മാനദണ്ഡം. അപ്പോഴാകും കരുത്തുറ്റ അമേരിക്ക നിര്‍മിക്കപ്പെടുക,’ ഒബാമ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ അമേരിക്ക ബന്ധം മെച്ചപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിച്ച് നന്ദി പറയാനും ഒബാമ മറന്നില്ല. പ്രതിരോധം, സിവില്‍ ആണവ ഊര്‍ജം, രാജ്യാന്തര സഹകരണം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒബാമ മോദിയെ നന്ദി അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി മാറുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സുരക്ഷാ മേഖലകളിലുള്ള ബന്ധത്തിന്റെ പുരോഗതി ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല