സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് ഒബാമ, മുന്‍ഗാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരായി അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ഒബാമയാണെന്നും ട്രംപ് ആരോപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായി നടക്കുന്ന ടൗണ്‍ഹാള്‍ റാലികള്‍ക്ക് ഉത്തരവാദി ഒബാമയാണെന്നും അദ്ദേഹം പറഞ്ഞു.തെരുവുകളിലും വിമാനത്താവളങ്ങളിലും ടൗണ്‍ ഹാളുകളിലും പ്രതിഷേധം സംഘടിപ്പിച്ചത് ഒബാമയും അദ്ദേഹത്തിന്റെ ആളുകളും ചേര്‍ന്നാണ്. വൈറ്റ് ഹൗസിലെ തീരുമാനങ്ങള്‍ പത്രമാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടുന്നതിനു പിന്നിലും ഒബാമയാണെന്ന് ട്രംപ് ആരോപിച്ചു. ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഗുരുതരമായ ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിനായി മാത്രം ഒരു സംഘം ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇക്കാര്യം ഗൗരവത്തോടെ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയെ ഇത് മോശമായ രീതിയില്‍ ബാധിക്കുമെന്നും രാഷ്ട്രീയമൊക്കെ തനിക്കും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഒബാമയുടെ നടപടി പ്രസിഡന്റ്‌സ് കോഡ് ലംഘനമാണോ എന്ന ചോദ്യത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ദേശീയ സുരക്ഷയെ ഇത് മോശമായ രീതിയില്‍ ബാധിക്കും. രാഷ്ട്രീയമൊക്കെ തനിക്കും മനസ്സിലാകുമെന്നും ട്രംപ് പറഞ്ഞു.
ട്രംപ് അധികാരമേല്‍ക്കുന്നതിനു മുന്‍പും പിന്‍പുമായി ഒട്ടേറെ പ്രതിഷേധങ്ങളാണ് യുഎസില്‍ അരങ്ങേറിയത്. സ്ത്രീ വിദ്വേഷിയായ ട്രംപിനെ പ്രസിഡന്റ് ആക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥാനമേറ്റതിനു പിന്നാലെ ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവരെ നിരോധിച്ച ഉത്തരവിനെതിയും വന്‍ പ്രതിഷേധം നടന്നു. മാധ്യമങ്ങളുമായും ട്രംപ് ഏറ്റുമുട്ടലിലാണ്. ഇതിനിടെയാണ് തനിക്കെതിരായ പ്രചാരണത്തിന് പിന്നില്‍ ഒബായാണെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല