സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പു കാലത്ത് ഒബാമ തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി, ആരോപണവുമായി യുഎസ് പ്രസിഡന്റ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണ കാലയളവില്‍ ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന് ട്വിറ്ററിലാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
തന്റെ ഫോണ്‍ ചോര്‍ത്തിയതിലൂടെ ഒബാമ എത്ര നിലവാരമില്ലാത്ത പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ട്രംപ് ചോദിച്ചു. ഒരു നല്ല അഭിഭാഷകന്‍ വിചാരിച്ചാല്‍ ഒബാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനാകുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് രഹസ്യങ്ങള്‍ ഒബാമ ചോര്‍ത്തുന്നതായി ട്രംപ് ആരോപിച്ചിരുന്നു.
‘തിരഞ്ഞെടുപ്പിനുമുമ്പായി 2016 ഒക്ടോബറില്‍ ഒബാമ എന്റെ ഫോണ്‍ ചോര്‍ത്തിയിരുന്നു. ഒരു നല്ല അഭിഭാഷകനുണ്ടെങ്കില്‍ ഇതൊരു പ്രധാന കേസാക്കാം’ട്രംപ് ട്വീറ്റ് ചെയ്തു. റിച്ചാര്‍ഡ് നിക്‌സന്റെ വാട്ടര്‍ഗേറ്റ് സംഭവവുമായി ബന്ധിപ്പിച്ചാണ് ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന് ട്രംപ് ആരോപിച്ചത്. തന്റെ ട്വീറ്റില്‍ ഒബാമയെ ചീത്ത വ്യക്തി എന്നാണ് ട്രംപ് വിളിച്ചത്.
സര്‍ക്കാരിലെ പല ഉന്നതോദ്യോഗസ്ഥര്‍ക്കുമെതിരേ റഷ്യന്‍ബന്ധം ആരോപിക്കുന്ന സമയത്താണ് ട്രംപിന്റെ പുതിയ വാദം. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് റഷ്യന്‍ സ്ഥാനപതിയുമായി തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമാണ് ഇപ്പോള്‍ യു.എസിലെ പുതിയ വിവാദം. മുമ്പ് റഷ്യന്‍ ബന്ധം ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്‍ രാജിവെച്ചിരുന്നു.
റഷ്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച മറച്ചു വെച്ച അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പൂര്‍ണമായും സംരക്ഷിച്ച് ട്രംപ് രംഗത്തെത്തി. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന്റെ രാജി ആവശ്യം ഉന്നയിച്ച ഡമോക്രാറ്റ് നേതാക്കള്‍ക്കെതിരെ റഷ്യന്‍ ബന്ധം ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്വേഷണത്തിന് ഉത്തരവിട്ടു. നാന്‍സി പലോസി, ചക് ഷുമെര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
എന്നാല്‍, ദിവസവും ട്രംപ് ഭരണകൂടവും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല