സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമൊക്കെ കിടിലന്‍ പോസ്റ്റുകളും ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി തിളങ്ങി നില്ക്കുമ്പോള് അമേരിക്കന്‍ പ്രസിഡന്റിനു വെറുതെയിരിക്കാന്‍ പറ്റുമോ? അങ്ങനെ ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ട്വിറ്ററിലെത്തി.
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ഒബാമയുടെ ആദ്യ ട്വീറ്റ് ഇതായിരുന്നു. ‘ഹലോ ട്വിറ്റര്‍, ഇത് ബറാക്, സത്യമായും. ആറുവര്‍ഷത്തിനു ശേഷം അവര്‍ എനിക്കൊരു അക്കൗണ്ട് തന്നിരിക്കുന്നു.
അച്ഛന്, ഭര്‍ത്താവ്, യുഎസിന്റെ 44 മത് പ്രസിഡന്റ്, എന്നാണ് ഒബാമ തന്റെ ട്വിറ്ററില്‍ സ്വയം പരിചയപ്പെടുത്തുന്നത്. പ്രസിഡന്റ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നതിന്റെ ചുരുക്കെഴുത്താണ് ഒബാമയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍. നിമിഷ നേരം കൊണ്ട് ഒബാമയെത്തേടി ആരാധക പ്രവാഹമുണ്ടായി. ആദ്യ അഞ്ചു മണിക്കൂറില്‍ പത്തു ലക്ഷത്തിലേറെ ഫോളോവേഴ്സായി. ഇത് റെക്കോര്ഡാണെന്നാണു കരുതുന്നത്.
ഇതിനു മുന്‍പ്, ഏറ്റവും വേഗത്തില്‍ 10 ലക്ഷം ഫോളോവേഴ്സിനെ കിട്ടിയത് ഹോളിവുഡ് താരം റോബര്‍ട്ട് ഡൗണി ജൂനിയറിനാണ്, 23 മണിക്കൂറില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വിറ്ററില്‍ 1.23 കോടി ഫോളോവേഴ്സാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല