1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2012

തുടര്‍ച്ചയായി രണ്ടാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേക്ക് ജനവിധി തേടുന്ന ബരാക് ഒബാമ, തന്റെ മൂന്നാമത്തെ വാര്‍ഷിക പ്രസംഗം യു.എസ്. കോണ്‍ഗ്രസ്സില്‍ ചൊവ്വാഴ്ച അവതരിപ്പിച്ചു. പുറംജോലി കരാ റും പെരുകിവരുന്ന കടവും മൂലം ബലഹീനമായ യുഎസ് സമ്പദ്വ്യവസ്ഥയെ നേര്‍വഴിക്കു തിരിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് പ്രസിഡന്റ് ഒബാമ.

രാജ്യത്തെ നിലവിലെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും പുതു ലക്ഷ്യങ്ങളും പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടിയ ഒബാമ സാമ്പത്തിക അസമത്വം കുറച്ചുകൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. രണ്ടാം വട്ടവും തന്നെ പ്രസിഡന്റ് സ്ഥാനത്തെത്തിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. രാജ്യത്തെ നിര്‍മാണ, ഊര്‍ജ രംഗം, തൊഴില്‍ ശക്തി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാലികമായി വരുത്തേണ്ട മാറ്റത്തെക്കുറിച്ചുള്ള സാമ്പത്തിക മാതൃക ഒബാമ പ്രസംഗത്തില്‍ വിശദീകരിച്ചു.

ലോകത്തിന്റെ നേതൃപദവി അമേരിക്കയ്ക്കാണ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തികാസമത്വം നീക്കുന്നതിനും ക്രിയാത്മകമായ നടപടികളെടുക്കുമെന്നു പ്രഖ്യാപിച്ച ഒബാമ സമ്പന്നര്‍ക്ക് നികുതി വര്‍ധന, ഓഹരിവിപണിയിലെ പരിഷ്‌കരണം, ആരോഗ്യരക്ഷാ പദ്ധതികള്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കി പുറം ജോലിക്കരാര്‍ ഇനി ഏറെക്കാലം ഉണ്ടാവില്ലെന്ന വ്യക്തമായ സൂചനയും നല്‍കുകയായിരുന്നു. പിന്തുടരുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും മറന്നില്ല.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തന്റെ ഭരണ നേട്ടങ്ങള്‍ പ്രത്യേകം ഓര്‍മപ്പെടുത്താനും ഒബാമ മറന്നില്ല. അല്‍ഖ്വെയ്ദ മേധാവി ഉസാമ ബിന്‍ ലാദനെ വധിച്ച് ലോകഭീകരതയുടെ പത്തി താഴ്ത്തിയ ഒരേയൊരു പ്രസിഡന്റെന്ന നിലയില്‍ സ്വയം അവതരിപ്പിച്ച ഒബാമ രണ്ട് പതിറ്റാണ്ടിനിടെ ഉസാമയുടെ ഭീഷണിയില്ലാത്ത ലോകത്തിലാണ് നാമെന്ന് ഓര്‍മിപ്പിച്ചു.

ആണവ പരിപാടികള്‍ തുടരുന്ന ഇറാനെതിരെ ഉപരോധ നടപടികളുമായി നീങ്ങുമ്പോഴും ഇറാന്‍ മനസ്സുവെച്ചാല്‍ സമാധാനപരമായ പരിഹാരത്തിന് ഇനിയും സമയമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എണ്ണ കൈമാറ്റത്തിന്റെ മര്‍മപാതയെന്ന് വിശേഷിപ്പിക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി നിലനില്‍ക്കെയാണ് ഒബാമയുടെ ഈ നിര്‍ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.