സ്വന്തം ലേഖകന്‍: ഘര്‍ വാപസിക്ക് ചുട്ട മറുപടി, നാഗ്പൂരില്‍ 5 ലക്ഷം ഒബിസിക്കാര്‍ ബുദ്ധ മതത്തിലേക്ക്. ഹിന്ദു മതത്തിലെ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ചാണ് ഒബിസി വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ മതം മാറാന്‍ തീരുമാനിച്ചത്. ഹിന്ദു മതത്തില്‍ തങ്ങളെ ശൂദ്രന്‍മാരായാണ് പരിഗണിക്കുന്നതെന്ന് സത്യശോധക് ഒ.ബി.സി പരിഷത്ത് പ്രസിഡന്റ് ഹനുമന്ത് അപ്‌രേ പറഞ്ഞു.
അതിനാല്‍ തങ്ങളുടെ യഥാര്‍ത്ഥ മതത്തിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുവെന്നും ഹനുമന്ത് പറഞ്ഞു. ഞങ്ങള്‍ നാഗവംശി വിഭാഗക്കാരാണ്. ഞങ്ങളുടെ യഥാര്‍ത്ഥ മതം ബുദ്ധ മതമാണ്. ഇതാണ് യഥാര്‍ത്ഥ ഘര്‍ വാപ്പസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ അഞ്ച് കോടി പേരാണ് ഒ.ബി.സി വിഭാഗക്കാരായുള്ളത്. ജതി വിവേചനത്തില്‍ പ്രതിഷേധിച്ച് ഇവരില്‍ പലരും മതം മാറാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് അപ്‌രേ കൂട്ടിച്ചേര്‍ത്തു.
ഒ.ബി.സി വിഭാഗക്കാര്‍ ബുദ്ധിസം സ്വീകരിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നതായി സാംഭാജി ബ്രിഗേഡ് നേതാവ് പ്രവീണ്‍ ഗെയ്ക്ക്‌വാദ് പറഞ്ഞു.
ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടു വരുന്നവരെ ഏത് ജാതിയിലാണ് ചേര്‍ക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണമെന്നും ഗെയ്ക്കവാദ് പറഞ്ഞു. ഒബിസി വിഭാഗക്കാര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള ഈ നീക്കം ബിജെപിക്കും സംഘപരിവാരങ്ങള്‍ക്കും വന്‍ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല