അനാരോഗ്യകരമായ ഭക്ഷണവും ജങ്ക് ഫുഡിന്റെ അതിപ്രസരവും ആഗോളവ്യാപകമായി കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അനാരോഗ്യകരമായ ഭക്ഷണം കുട്ടികളെ ലക്ഷ്യമാക്കി പരസ്യം ചെയ്യുന്ന കമ്പികളുടെ നടപടികളെയാണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് ഒബീസിറ്റി എക്‌സ്‌പേര്‍ട്ട്‌സ് അഭിപ്രായപ്പെടുന്നു.
ഇംഗ്ലണ്ടിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 10 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ മൂന്നില്‍ ഒരാളും നാല് മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികളില്‍ നാലില്‍ ഒരാളും അമിതവണ്ണമുള്ളവരാണ്. ഈ കുട്ടികള്‍ പ്രായപൂര്‍ത്തിയായി കഴിയുമ്പോള്‍ അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ഇവര്‍ കീഴ്‌പ്പെടേണ്ടി വരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്വീറ്റ് ഡ്രീങ്ക്‌സും ജങ്ക് ഫുഡും കുട്ടികളെ ലക്ഷ്യമാക്കി മാര്‍ക്കറ്റ് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന ഇടപെടണമെന്നും സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ലോബ്‌സ്‌റ്റെയിന്‍ ആന്‍ഡ് കൊളീഗ്‌സ് ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കുട്ടികളെ മുലൂട്ടുന്നതില്‍നിന്ന് അമ്മമാരെ പിന്തിരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ബേബി മില്‍ക്ക് കമ്പനികള്‍ നല്‍കുന്നത് പോലുള്ള അധാര്‍മ്മികമാണ് കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ജങ്ക് ഫുഡ് കമ്പനികളും കോള കമ്പനികളും പരസ്യം നല്‍കുന്നതെന്ന് ഇവര്‍ പഠന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
അമിതവണ്ണമുള്ള കുട്ടികള്‍ എന്നത് ഭാവിയിലേക്കുള്ള ജങ്ക് ഫുഡ് കമ്പനികളുടെ ഇന്‍വെസ്റ്റ്‌മെന്റാണ്. ലോബ്‌സ്‌റ്റെയിന്‍ ആന്‍ഡ് കൊളീഗ്‌സ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎസില്‍ ഒരു കുട്ടിക്കുണ്ടായിരുന്ന തൂക്കത്തേക്കാള്‍ അഞ്ച് കിലോ കൂടുതലാണ് ഇപ്പോള്‍. ഒരു ദിവസം ഈ വിഭാഗത്തിലുള്ള കുട്ടികള്‍ ഓരോരുത്തരും അകത്താക്കുന്നത് 200 കെസിഎഎലാണ്. ഇതിനായി ചെലവിടേണ്ടി വരുന്ന തുക 1.12 ഡോളറാണ്. അങ്ങനെയാണെങ്കില്‍ ഒരു വര്‍ഷം അത് 400 ഡോളറാണ്. യുഎസില്‍ ആകെ 50 മില്യണ്‍ സ്‌കൂള്‍ കുട്ടികള്‍ എങ്കിലുമുണ്ടാകും. ഈ കുട്ടികള്‍ എല്ലാവരും കൂടി ഒരു വര്‍ഷം അധിക ഭക്ഷണത്തിനായി ചെലവിടുന്നത് 20 ബില്യണ്‍ ഡോളറാണ്. ചെറുപ്രായത്തില്‍ തന്നെ ജങ്ക് ഫുഡ് കഴിച്ച് ശീലിക്കുന്ന കുട്ടികള്‍ വലുതാകുമ്പോഴും ഇത് തന്നെയാകും കഴിക്കാന്‍ ഇഷ്ടപ്പെടുക.
ഈ സ്ഥിതി തുടര്‍ന്നാല്‍ ലോകത്ത് ആരോഗ്യമുള്ളവരുടെ എണ്ണം കുറഞ്ഞ് വരും. കുട്ടികളെ ടാര്‍ഗറ്റ് ചെയ്യുന്ന ജങ്ക് ഫുഡ് കമ്പനികളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഇവിടെയാണെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല