1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2015

സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കുത്തനെ ഉയരുന്നതായി സര്‍വേ. താമസക്കാരില്‍ 47.5 ശതമാനം പേരും അമിതവണ്ണമുള്ളവരാണെന്ന് സൂറിച്ച് ഇന്റര്‍നാഷണല്‍ ലൈഫ് നടത്തിയ സര്‍വേയില്‍ പറയുന്നു. അതേസമയം 13 ശതമാനം പേര്‍ പൊണ്ണത്തടിയന്മാരാണ്. ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ) 30 നും മുകളിലുള്ളവരാണിവര്‍.

യു.എ.ഇയിലെ ശരാശരി ബോഡി മാസ് ഇന്‍ഡക്‌സ് 25.6 ആണെന്നും സര്‍വേ പറയുന്നു. കുട്ടികള്‍ക്കിടയിലും പൊണ്ണത്തടി യു.എ.ഇയില്‍ വ്യാപകമാവുകയാണ്. 11 മുതല്‍ 16 വയസ് വരെയുള്ള കുട്ടികളില്‍ 40 ശതമാനം പേര്‍ക്കും പൊണ്ണത്തടിയുണ്ട്. പതിനൊന്ന് വയസിന് താഴെയുള്ള കുട്ടികളില്‍ 20 ശതമാനം പേരും പൊണ്ണത്തടിയന്മാരാണ്.

ജീവിതരീതി തന്നെയാണ് യു.എ.ഇയില്‍ പൊണ്ണത്തടി വര്‍ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നീണ്ട ജോലി സമയം, ഫാസ്റ്റ് ഫുഡ്, വ്യായാമം ഇല്ലാത്ത അവസ്ഥ തുടങ്ങിയവയെല്ലാം പൊണ്ണത്തടിയിലേക്ക് നയിക്കുന്നുണ്ട്. പൊണ്ണത്തടിയുള്ളവരില്‍ പ്രമോഹ രോഗത്തിന് സാധ്യത ഏറെയാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്രമേഹ രോഗമുള്ളവരില്‍ 50 ശതമാനം പേര്‍ക്കും അവ ഉണ്ടെന്ന് അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ ഇടയ്ക്ക് പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം വര്‍ഷം തോറും 28 ലക്ഷം പേരെങ്കിലും അമിത വണ്ണമോ പൊണ്ണത്തടിയോ മൂലം മരണപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.