ലണ്ടന്‍ : പൊണ്ണത്തടി കുറക്കാനുളള വാക്സിന് കണ്ടുപിടിച്ചതായി ശാസ്ത്രജ്ഞര്‍. വാക്സിനെടുത്ത് ദിവസങ്ങള്‍ക്കുളളില്‍ തന്നെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ തടി കുറയ്ക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ അവകാശവാദം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉദ്ദീപിപ്പിച്ച് കൊഴുപ്പുനിറഞ്ഞ കോശങ്ങളെ ഇല്ലാതാക്കുകയാണ് ഈ വാക്സിന് ചെയ്യുന്നത്. നിലവില്‍ ഡയറ്റിങ്ങും ശസ്ത്രക്രീയയുമാണ് പൊണ്ണത്തടി കുറക്കാനായി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അതിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉളളതിനാല്‍ പുതിയ വാക്സിന് ഏറെ അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.
മറ്റ് വാക്സിനുകള്‍ വിശപ്പിനെ പ്രതിരോധിക്കുമ്പോള്‍ പുതിയ വാക്സിന് നേരിട്ട് കൊഴുപ്പിനെ അലിയിച്ച് കളയുകയാണ് ചെയ്യുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ അമേരിക്കയിലെ വാക്സിനേഷന് പഠനകേന്ദ്രമായ ബ്രാസ്ക് ബയോടെക് എല്‍എല്‍സിയിലെ ഡോ. കെയ്ത് ഹാഫര്‍ പറഞ്ഞു. മൃഗങ്ങളിലാണ് നിലവില്‍ വാക്സിന് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വാക്സിനെടുത്ത് രണ്ടോ മൂന്നോ ആഴ്ചക്കുളളില്‍ തന്നെ ശരീരഭാരം വലിയൊരു അളവ് വരെ കുറക്കാനാകുമെന്ന് ഡോ. ഹാഫര്‍ പറഞ്ഞു. വാക്സിന്റെ മനുഷ്യനിലുളള പരീക്ഷണം നടക്കാന്‍ പോകുന്നതേയുളളു.
മറ്റ് പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത വാക്സിന് ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിന്റെ കീഴില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുളളു. ആരോഗ്യകരമായ ഭക്ഷണശീലത്തിനൊപ്പം വാക്സിന് ഉപയോഗിക്കുന്നതാകും ഉചിതമെന്നും ഡോ. ഹാഫര്‍ പറഞ്ഞു. നിലവില്‍ ഇരുപതിനായിരത്തിലധികം എലികളിലും പന്നികളിലും പശുക്കളിലുമായി വാക്സിന് ഉപയോഗിച്ചു കഴിഞ്ഞു. അഞ്ചുവര്‍ഷമായി വാക്സിനെ കുറിച്ചുളള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തതായി അമിതഭാരമുളള പട്ടികളിലാണ് വാക്സിന് പരീക്ഷിക്കാന്‍ പോകുന്നത്. മനുഷ്യനില്‍ ഇത് പരീക്ഷിക്കാനുളള അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ്സ് അഡ്മിനിസ്ട്രേഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണന്ന് ഡോക്ടര്‍ ഹാഫര്‍ അറിയിച്ചു.
ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൊമാറ്റോസ്റ്റാറ്റിന് എന്ന ഹോര്‍മാണിന്റെ ഉത്പാദനം കൂടുന്നതാണ് ശരീരഭാരം കൂടാന്‍ കാരണം. സൊമാറ്റോസ്റ്റാറ്റിന്റെ മറ്റൊരു പരിഷ്കരിച്ച പതിപ്പാണ് വാക്സിനായി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിലെ സൊമാറ്റോസ്റ്റാറ്റിനുമായി ചേരുമ്പോള്‍ ശരീരത്തിന് ഭീഷണി ആകുകയും ഇമ്മ്യൂണ്‍ സിസ്റ്റം ഇതിനെതിരേ ആന്റിബോഡികളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കൊഴുപ്പുകോശങ്ങള്‍ വിഘടിക്കുകയും അത് ശരീരത്തിലൂടെ പുറം തളളപ്പെടുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല