1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2023

സ്വന്തം ലേഖകൻ: 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിനു പിന്നിൽ അട്ടിമറി സാധ്യത തള്ളാതെ റെയിൽവേ മന്ത്രാലയം. ക്രിമിനലുകളെ തിരിച്ചറിഞ്ഞെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്.

സിഗ്‌നലിങ് സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നു റെയിൽവേ ബോർഡ് അറിയിച്ചതിനു തൊട്ടുപിന്നാലെ, അട്ടിമറിസാധ്യത തള്ളാനാകില്ലെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് സൂചിപ്പിച്ചു. സിബിഐ അന്വേഷണത്തിനും റെയിൽവേ ബോർഡ് ശുപാർശ ചെയ്തു.

പച്ച സിഗ്നൽ കണ്ടിട്ടാണു ട്രെയി‍ൻ മുന്നോട്ടെടുത്തതെന്നു കൊറമാണ്ഡലിന്റെ ലോക്കോ പൈലറ്റ് തന്നോടു പറഞ്ഞെന്നാണ് റെയിൽവേ ബോർഡ് അംഗം ജയ വർമ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ട്രാക്ക് സുസജ്ജമാണെന്ന് വ്യക്തമായതോടെ അവിടെ അനുവദനീയമായ പരമാവധി വേഗത്തിൽ തന്നെയാണ് ട്രെയിൻ മുന്നോട്ടു നീങ്ങിയത്.

മണിക്കൂറിൽ 130 കിലോമീറ്റർ സ്പീഡാണ് ഇവിടെ അനുവദിക്കപ്പെട്ടിരിക്കുന്നത്. അപകട സമയത്ത് കൊറമാണ്ഡൽ എക്സ്പ്രസിന്റെ വേഗത 128 കിലോമീറ്ററും. അപകടം സംഭവിച്ച സ്റ്റേഷനിൽ ഈ ട്രെയിനിന് സ്റ്റോപ്പില്ലാത്തതിനാലാണ് പരമാവധി വേഗതയിൽ ട്രെയിൻ നീങ്ങിയത്.

പച്ച സിഗ്‌നൽ നൽകിയെങ്കിലും ഈ ട്രാക്കി‍ൽനിന്ന് ഉപട്രാക്കിലേക്കു തെറ്റായി ഇന്റർലോക്കിങ് സംവിധാനം സജ്ജീകരിക്കപ്പെട്ടതാണ് അപകടത്തിനു കാരണമായത്. ഒരു ട്രാക്കിൽനിന്നു മറ്റൊരു ട്രാക്കിലേക്കു ട്രെയിനിനു പ്രവേശിക്കാൻ ആ ട്രാക്കുകൾ തമ്മിൽ യോജിപ്പിക്കുന്നതാണ് ഇന്റർലോക്കിങ് സിസ്റ്റം. ഇലക്ട്രോണിക് ഇന്റർലോക്കിങ് ആൻഡ് പോയിന്റ് മെഷീനിൽ ആരോ വരുത്തിയ മാറ്റമാണ് അപകടകാരണമെന്നാണ് മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ പറഞ്ഞത്. ഇത് മനഃപൂർവം ചെയ്തതാണോയെന്ന ചോദ്യമാണ് അട്ടിമറി സംശയത്തിനു പിന്നിൽ.

ആദ്യം പച്ച സിഗ്‌നൽ നൽകിയെങ്കിലും തൊട്ടുപിന്നാലെ അത് പിൻവലിക്കപ്പെട്ടതായും സൂചനകളുണ്ട്. പാളത്തിൽ തടസങ്ങളുണ്ടോ, ട്രെയിനിന് മുന്നോട്ടു പോകാമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മുന്നറിയിപ്പു നൽകാനാണ് റെയിൽവേ ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം ഉപയോഗിക്കുന്നത്. ഒരു പാളത്തിൽനിന്ന് മറ്റൊരു പാളത്തിലേക്ക് ട്രെയിൻ കടക്കുന്ന ഭാഗം ചേർന്നിരിക്കുന്നുണ്ടോ എന്നും ഇതിലൂടെ ഉറപ്പാക്കാം. ഈ സംവിധാനത്തിന് എന്തെങ്കിലും പിഴവു സംഭവിച്ചാൽ അപകടത്തിനു സാധ്യത കൂടുതലാണ്. എന്നാൽ, എന്തെങ്കിലും തകരാറുണ്ടെങ്കിൽ ഇതിൽ ചുവപ്പു ലൈറ്റ് സ്ഥിരമായി മിന്നിക്കൊണ്ടിരിക്കും.

‘മുന്നിലുള്ള ട്രാക്കിൽ മറ്റു ട്രെയിനുകളുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് സിഗ്‌നൽ സംവിധാനം. പ്രധാന ട്രാക്കിലൂടെയാണോ അതോ ലൂപ് ലൈനിലേക്കാണോ ട്രെയിൻ നീങ്ങേണ്ടത് എന്ന കാര്യത്തിലും സിഗ്‌നൽ സൂചന നൽകും. പ്രധാന ട്രാക്കിൽ മറ്റു ട്രെയിനുകളില്ല, മുന്നോട്ടു പോകാം എന്നാണെങ്കിൽ സിഗ്‌നൽ പച്ചയായിരിക്കും. തടസങ്ങളൊന്നുമില്ലാതെ ലൂപ് ലൈനിലേക്കാണ് നീങ്ങുന്നതെങ്കിൽ സിഗ്‌നൽ മഞ്ഞയായിരിക്കും’ – സിഗ്‌നലിങ് സംവിധാനത്തിന്റെ പ്രിൻസിപൽ എക്സിക്യുട്ടിവ് ഡയറക്ടറായ സന്ദീപ് മാത്തൂർ പറയുന്നു.

അതേസമയം, സിഗ്‌നലിങ് സംവിധാനത്തിലെ പിഴവെന്നാണു പ്രാഥമിക നിഗമനമെന്നും റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നുമാണ് റെയിൽവേ ബോർഡ് അംഗം ജയ വർമ വ്യക്തമാക്കിയത്.

അതിനിടെ, ഷാലിമാർ–ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു യശ്വന്ത്പുര –ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളും ഒരു ചരക്കുവണ്ടിയും ഉൾപ്പെട്ട അപകടത്തിൽ മരണസംഖ്യ 275 ആണെന്ന് ഒഡീഷ സർക്കാർ വ്യക്തമാക്കി. 288 പേർ മരിച്ചെന്നാണു നേരത്തേ അറിയിച്ചിരുന്നത്. 1175 പേ‍ർക്കു പരുക്കേറ്റു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.