നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി യൂറോപ്പ് അനുശോചിച്ചു.
കാര്‍ത്തികേയന്റെ വേര്‍പാടു മൂലം സമാനതകളില്ലാത്ത പൊതുപ്രവര്‍ത്തകനേയും അധികാര മോഹത്തിന്റെ പിടിയില്‍ അകപ്പെടാത്ത ഒരു ജനനേതാവിനെയും നഷ്ടമായി. എക്കാലവും പ്രവര്‍ത്തകരേയും പാര്‍ട്ടിയേയും സ്‌നേഹിച്ച നേതാവെന്ന നിലയില്‍ കുലീനമായ പെരുമാറ്റവും ഉള്‍ക്കാഴ്ച്ച തുളുമ്പുന്ന പ്രാസംഗിക ചാരുതയും കാര്‍ത്തികേയന്റെ വ്യക്തിത്വത്തെ വേറിട്ടതാക്കി. അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകള്‍ കേരള രാഷ്ട്രീയത്തില്‍ തിളക്കം കൂട്ടുന്നവയായിരുന്നു.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം നിയമ ബിരുദവും കരസ്ഥമാക്കി. കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, സെനറ്റ് അംഗം, കെഎസ്‌യു – യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിങ്ങനെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ആദര്‍ശത്തില്‍ എന്നും ഉറച്ചുനിന്ന വ്യക്തിയായിരുന്നെന്ന് ഒഐസിസി യൂറോപ്പ് അനുസ്മരിച്ചു.
നിയമവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും നിയമസഭാംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു കൃത്യസമയത്ത് മന്ത്രിമാര്‍ മറുപടി നല്‍കണമന്നും നിഷ്‌കര്‍ഷത പുലര്‍ത്തിയിരുന്ന നേതാവായിരുന്ന കാര്‍ത്തികേയന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല