കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ വെച്ച് നടന്ന ഒഐസിസി സമ്മേളനം വ്യാജമെന്ന് ഒരുപക്ഷം, അല്ലെന്ന് മറുപക്ഷം. എങ്ങനെയാണെങ്കിലും രണ്ടുപേരും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍തന്നെ. നിയമം പഠിച്ച ഒരുവിഭാഗത്തിന്റെ നേതാവിനോട് അല്ലെങ്കില്‍ രക്ഷാധികാരിയോട് ചോദിക്കാനുള്ളത് താങ്കള്‍ എന്തിന് ഇവിടെ വാദിക്കണം കെപിസിസി എന്ന ഹൈക്കമാന്റില്‍ ഒരു പൊതുജനതാല്‍പര്യ ഹര്‍ജി (റിട്ട്) കൊടുക്ക് എന്നിട്ട് നീതി കിട്ടുന്നില്ലെങ്കില്‍ എഐസിസി എന്ന സുപ്പര്‍ കോര്‍ട്ടില്‍ ഒരു അപ്പീല്‍ കൊടുക്ക് അവിടെ രക്ഷ. ഇല്ലെങ്കില്‍ എഐസിസി പ്രസിഡന്റിനെ അടുത്ത് ദയാഹര്‍ജി കൊടുക്ക്, എന്നിട്ട് നീതി കിട്ടുന്നിങ്കില്‍ ഒഐസിസി എന്ന് പറഞ്ഞ് പുതിയ ഒരു ഗ്രൂപ്പ് തുടങ്ങ്.
ഇതില്‍ ഏതാണ് വ്യാജന്‍ ഏതാണ് ഒറിജിനല്‍ എന്ന് ആര്‍ക്ക് പറയാനാകും. രണ്ടുകൂട്ടരും ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്. ഇത് ലോകത്തെ ആദ്യത്തെ സംഭവമാണ്. കാരണം ഒഐസിസി എന്ന അമ്മയുടെ ഉദരത്തില്‍ പിറവിയെടുത്ത രണ്ട് ജാരസന്തതികള്‍. ഇതില്‍ ഏതാണ് വ്യാജന്‍ എന്ന തര്‍ക്കത്തില്‍ ഇന്ന് യുകെയില്‍ പരസ്പരം ചെളി വാരല്‍ ഏറും. തര്‍ക്കങ്ങളും വ്യക്തിഹത്യകളും നടന്നുകൊണ്ടിരിക്കുന്നു.
ഇതില്‍ ഏതാണ് വ്യാജന്‍ ഏതാണ് ഒറിജിനല്‍ എന്ന് ആര്‍ക്ക് പറയാനാകും
എന്തിന് നിങ്ങള്‍ വ്യജനെ കണ്ടുപിടിക്കാന്‍ ബുദ്ധിമടു്ടണം. ഒന്നെങ്കില്‍ നിങ്ങള്‍ ഡിഎന്‍എ സാമ്പിള്‍ എടുത്ത് കെപിസിസിക്ക് അയക്കുക. അല്ലെങ്കില്‍ ഒഐസിസിയുടെ സന്തതികള്‍ പിറവിയെടുത്ത് വളരുന്നത് വരെ കാത്തിരിക്കാം. അപ്പോള്‍ അറിയാം തനി സ്വാഭാവഗുണം. അപ്പോള്‍ നമുക്കറിയാം ഏതാണ് വ്യാജനെന്ന്. വൃക്ഷത്തില്‍നിന്ന് അറിയാം ഫലം. മാവില്‍നിന്ന് തേങ്ങയോ തെങ്ങില്‍നിന്ന് മാങ്ങയോ ലഭിക്കില്ല. ഒഐസിസിയില്‍നിന്ന് ജനിക്കാന്‍ പോകുന്നത് നമുക്ക് ഊഹിക്കാമല്ലോ. പതാക ഉയരുംമുമ്പെ അല്ലാ പാര ഉയരുന്നത്.
മാഞ്ചസ്റ്ററില്‍ നടന്ന ഒഐസിസി വേദി ദീകരാക്രമണ വേദിയാണ് എന്ന് ഇ- മെയില്‍അയച്ചത് ആരാണെങ്കിലും ഒരു സത്യം പറഞ്ഞു. കാരണം യുകെയിലുള്ള മലയാളികളെ തമ്മിലടിപ്പിച്ച് ജാതി, മത, വര്‍ഗ്ഗ, പാര്‍ട്ടി വിഭാഗീയത വളര്‍ത്തി ഇവിടത്തെ സമാധാനം നശിപ്പിക്കുന്ന രാഷ്ട്രീയ ഭീകരരാണെന്ന് പറഞ്ഞതില്‍ തെറ്റില്ല. പാവം മാഞ്ചസ്റ്റര്‍ മലയാളിക്ക് വര്‍ഷങ്ങളായി നിസാര നിരക്കില്‍ കിട്ടിയിരുന്ന ഹാള്‍ നഷ്ടമായി. ഇപ്പോള്‍ ഇക്കൂട്ടര്‍ യുകെ പോലീസിന്റെ നിരീക്ഷണത്തിലും അന്വേഷണത്തിലുമാണ്. അവിടെ കൂടിയിരുന്നവരുടെ വാഹനങ്ങളും ചില വ്യക്തികളും പോലീസ് നിരീക്ഷണത്തിലാണെന്ന് വായിച്ചറിഞ്ഞു .
ഞങ്ങള്‍ ആരെ വിശ്വാസിക്കണം നിങ്ങള്‍ തന്നെ പറയും പ്രിയ ഒഐസിസിക്കാരെ. നിങ്ങള്‍ രണ്ടു വിഭാഗവും പരസ്പരം വ്യജമാണെന്ന് പറഞ്ഞാല്‍ മൂന്നാമത് ഒരു വിഭാഗം ശരിവിഭാഗം തങ്ങളാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്തുപറയും. അതായത് മൂന്നാംഗ്രൂപ്പ് തിരുത്ത ഗ്രൂപ്പ്. അപ്പോള്‍ നിങ്ങള്‍ പഴയ രണ്ടുപേരും പറഞ്ഞിട്ട് മൂന്നാംഗ്രൂപ്പിനെ ആക്രമിക്കും. എന്നിട്ട് വിജയിച്ചില്ലെല്‍ നിങ്ങള്‍ ലയിച്ചിട്ട് നാലാംഗ്രൂപ്പിനിട്ട് പണിയും. ഇതല്ലേ നിങ്ങളുടെ പാരമ്പര്യം. എന്തുകൊണ്ട് കെപിസിസി ഇക്കാര്യത്തില്‍ ഒരു കൃത്യത കാണിക്കുന്നില്ല. അതോ കെപിസിസി ഇക്കാര്യത്തില്‍ ഗ്രൂപ്പ് കളിക്കുകയാണോ. പണ്ടത്തെ തിരുത്തല്‍ വിഭാഗത്തമാണല്ലോ ഇന്ന് കെപിസിസിയുടെ നേതൃത്വത്തില്‍ ഇരിക്കുന്നത്.
ഒഐസിസി എന്നാല്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ലെസ്സ് എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്
.
അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു അപേക്ഷയുണ്ട് നിങ്ങള്‍ വന്ദിച്ചില്ലെങ്കിലും പാവം പാരമ്പര്യമുള്ള കോണ്‍ഗ്രസുകാരെ നിന്ദിക്കരുത്. ബ്രിട്ടണില്‍ ഒരു കക്ഷിരാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രസക്തിയില്ലെന്ന മനസ്സിലാക്കി അല്ലെങ്കിലും വിവരവും വിവേകവുമുള്ള ആയിരക്കണക്കിന് കോണ്‍ഗ്രസുകാര്‍ നിങ്ങളുടെ ഗ്രൂപ്പില്‍ അല്ലെങ്കില്‍ ഒഐസിസിയില്‍ ചേരാത്തത് അവര്‍ കോണ്‍ഗ്രസുകാര്‍ അല്ലാഞ്ഞിട്ടല്ല. അവരാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍. അവരാണ് ഇന്ദിരാഗാന്ധിയടക്കം, രാജീവ് ഗാന്ധിയടക്കം, എ കെ ആന്റണിയുടെയും വി എം സുധീരന്റെയും പാത പിന്തുടരുന്നത്. ഈ നേതാക്കളെ ഓര്‍ത്ത് എങ്കിലും നിങ്ങള്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഒഐസിസി എന്നാല്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ലെസ്സ് എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്.
നിങ്ങള്‍ യുകെയുടെ അവിടെയവിടെയായി അഞ്ച് പേരടങ്ങുന്ന ഒരു കടലാസ് സംഘടനയും രൂപീകരിച്ച് അതിന്റെ ഫോട്ടോ എടുത്ത് ഓണ്‍ലൈന്‍ പത്രമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ഊതിവീര്‍പ്പിച്ച കടലാസ് സംഘടന ഉണ്ടാക്കി ചിലര്‍ നേതാവ് ചമഞ്ഞ് ഗ്രൂപ്പ് കളിക്കുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരംമൂത്ത് ഒഐസിസി എന്ന എല്ലുകഷണത്തിനുവേണ്ടി അവര്‍ പരസ്പരം കടിപിടികൂടുന്നു. നിങ്ങളെ ഞങ്ങള്‍ എന്തുവിളിക്കണം നിങ്ങള്‍ പരസ്പരം വ്യക്തിഹത്യ ചെയ്യുകയും, ചെളിവാരി എറികയും ചെയ്യുന്നു. കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിര്‍ക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാരെ നിങ്ങള്‍ നാളെ വ്യക്തിഹത്യയും ചെളിവാരി ഏറലും വേണ്ടിവന്നാല്‍ നിങ്ങള്‍ ചിലപ്പോള്‍ ആക്രമിച്ചെന്ന് തന്നെ വരാം. ഞങ്ങള്‍ നിര്‍ഭയരായി മുന്നോട്ട് പോകും.
നിങ്ങള്‍ ഒന്നോര്‍ക്കണം നിങ്ങള്‍ പരസ്പരം കടിച്ച് കീറുമ്പോള്‍ തേച്ചു മിനുക്കിയ നിങ്ങള്‍ അണിഞ്ഞിരിക്കുന്ന സമാധാനത്തിന്റെയും നിക്ഷകളങ്കതയുടെയും എളിമയുടെയും പ്രതീകമായ വെള്ള ഖദര്‍ ഊരിമാറ്റുക. അല്ലെങ്കില്‍ അതില്‍ നിങ്ങളുടെ ചോരയും ചെളിയും പുരളും. ഇത് നമ്മുടെ നാട്ടില്‍ ജീവിച്ചിരിക്കുന്നതും മരിച്ചുപോയതുമായ സത്യസന്ധമായ ആദര്‍ശരായ കോണ്‍ഗ്രസുകാരും അവരുടെ ആത്മാവും നിങ്ങളോട് പൊറുക്കില്ല.
ഇന്ന് ഒഐസിസി എന്ന കലാ സംഘത്തിന്റെ പ്രസക്തി എന്താണ് ഉള്ളത്. അല്ലെങ്കില്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്ത് യോജിപ്പില്‍ എത്തുക. അതുമല്ലെങ്കില്‍ കെപിസിസി ഇടപെട്ട് യുകെയിലുള്ള ഒഐസിസി പിരിച്ച് വിടുക. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി മാറിയതയുപോലെ ഇന്ത്യയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിച്ഛായതന്നെ നഷ്ടപ്പെടും. കെപിസിസി നേതാക്കന്മാര്‍ തലയില്‍ മുണ്ടിട്ട് യുകെയില്‍ വരേണ്ടിവരും. തൊപ്പിയുള്ള ജാക്കറ്റ് ഉള്ളതുകൊണ്ട് ഇക്കൂട്ടര്‍ ഇവിടെയും രക്ഷപ്പെടും.
നിങ്ങളുടെ ഹൃദയം ഞങ്ങളെ സേവിക്കാന്‍വേണ്ടി വെമ്പല്‍ കൊള്ളുകയാണെങ്കില്‍ നിങ്ങള്‍ പോയി യുകെയിലുള്ള ലേബര്‍, ലിബറല്‍,ടോറി പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക
നിങ്ങള്‍ ഒന്ന് ഓര്‍ക്കണം. ഇവിടെ ത്രിതല പഞ്ചായത്ത് സംവിധാനമില്ല. നിങ്ങള്‍ക്ക് മത്സരിച്ച് ജയിക്കാനുള്ള ഒരു സാധ്യതയുമില്ല. നിങ്ങളുടെ ഹൃദയം ഞങ്ങളെ സേവിക്കാന്‍വേണ്ടി വെമ്പല്‍ കൊള്ളുകയാണെങ്കില്‍ നിങ്ങള്‍ പോയി യുകെയിലുള്ള ലേബര്‍, ലിബറല്‍,ടോറി പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക . കുറഞ്ഞപക്ഷം ഒരു കൌണ്‍സില്‍ തിരഞ്ഞെടുപ്പിന് അവസരം കിട്ടിയെന്നുവരും. അങ്ങനെ വരാതിരിക്കട്ടെ എന്ന് നമുക്ക് ആശ്വാസിക്കാം. ഇക്കൂട്ടര്‍ എങ്ങനം കൌണ്‍സിലില്‍ ജയിച്ചാല്‍പിന്നെ കൌണ്‍സില്‍ ടാക്സ് അടയ്ക്കണമെങ്കില്‍ കൈക്കൂലി കൊടുക്കേണ്ടതായി വന്നേനെ.
നിങ്ങള്‍ നിങ്ങളുടെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പറമ്പില്‍ കയറി എതിര്‍പക്ഷം കുടില്‍ കെട്ടിയെന്ന് വരും. പിന്നെ മിച്ചഭൂമിയോ , വിരിവോ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ മറുപക്ഷം കയറാതിരിക്കണമെങ്കില്‍ വിഭാഗീയത എന്ന മുള്ള് വേലികെട്ടി തിരിക്കേണ്ടതായിവരും. ഇങ്ങനെ മുള്ള് വേലിയില്‍ കെട്ടിതിരിച്ചാല്‍ പ്രവര്‍ത്തകര്‍ എങ്ങനെ അകത്തു കടന്ന് ആ പറമ്പില്‍ കൃഷിചെയ്യും. കൃഷി എന്നാല്‍ കടലാസ് സംഘം രൂപീകരിക്കല്‍, ചെളി വാരി എറിയല്‍, വ്യക്തിഹത്യ പിന്നെ ഭീകര മെയില്‍ സന്ദേശം എന്നിവ ആണല്ലോ..
ദയവുചെയ്ത് നിങ്ങള്‍ ഓരോ ഗ്രൂപ്പ് തുടങ്ങുമ്പോഴും ഒരുപകാരം ചെയ്യണം. ഒഐസിസി, എ,ബി,സി എന്ന് തുടങ്ങാതെ ഒഐസിസി 1,2,3 എന്ന് നമ്പറിട്ട് ഗ്രൂപ്പ് തുടങ്ങുക. ഞങ്ങള്‍ക്ക് ഓര്‍ത്തിരിക്കാനും പിന്നെ കുട്ടികളെ എണ്ണം പഠിപ്പിക്കാനും ഉപകാരപ്രദമാകും ഒഐസിസി കഴിഞ്ഞ് മിച്ചംവരുന്ന അക്ഷരങ്ങള്‍ നിങ്ങലുടെ സഖ്യകക്ഷികള്‍ പൂരിപ്പിച്ചാല്‍കൊള്ളാം. അത്രയും ഉപകാരം എങ്കിലും ഞങ്ങള്‍ക്ക് വേണ്ടി ചെയ്തു തരണം. ഈ ഉപകാരം വേണമെങ്കില്‍ നിങ്ങളുടെ പ്രമേയത്തിലും പ്രകടനപത്രികയിലും അവതരിപ്പിക്കാം.
പ്രിയമുള്ളവരെ നിങ്ങള്‍ സ്വയം ചിന്തിച്ച് വിലയിരുത്തുക. പ്രവാസികളായ നമ്മള്‍ ശരീരം ഇങ്ങ് യുകെയിലും മനസ്സ് അങ്ങ് മറുനാട്ടിലുമായി കഴിയുന്ന നമ്മളെ സംബന്ധിച്ചിടത്തോളം ജാതി, മത. വര്‍ഗ്ഗ പാര്‍ട്ടി വ്യത്യാസമില്ലാതെ ഒരു കുടുംബം പോലെ ഒരു കുടക്കീഴില്‍ സമാധാനപരമായ ജീവിക്കാന്‍വേണ്ടി പണിയെടുക്കാം പൊരുതാം പരിശ്രമിക്കാം..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല