യു.കെയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒ.ഐ.സി.സി) സജീവമായ ഇടപെടല്‍ അനിവാര്യമാണെന്ന് ഒ.ഐ.സി.സി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ജെയ്സണ്‍ ജോസഫ് വ്യക്തമാക്കി. ഗള്‍ഫിലെയും മറ്റും സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായ തൊഴില്‍-ജീവിത ശൈലി നിലനില്‍ക്കുന്ന യു.കെ പോലൊരു രാജ്യത്ത് ഒ.ഐ.സി.സിയ്ക്ക് വളരെ ശക്തമായ അടിത്തറയോടെ സംഘടനാപരമായി മുന്നേറുന്നതിന് സാധിക്കണമെന്നും അതിനായി എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ പ്രവാസി മലയാളികള്‍ക്ക് വേണ്ടി ശക്തമായ രീതിയില്‍ തന്നെ ശബ്ദമുയര്‍ത്തുന്നതിന് ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന സംഘടന ഒ.ഐ.സി.സി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.ഫ് സര്‍ക്കാരിനും ശ്രീ രമേശ് ചെന്നിത്തല പ്രസിഡന്റായുള്ള കെ.പി.സി.സിയ്ക്കും കൂടുതല്‍ കരുത്തും ഊര്‍ജ്ജവും പകരുന്നതിന് ഒ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മുന്‍കാല കോണ്‍ഗ്രസ്, യൂത്ത്- കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ അച്ചടക്കമുള്ള പ്രവര്‍ത്തനമാണ് യു.കെയില്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ മെച്ചപ്പെട്ട ഒരു സംഘടനാ സംവിധാനത്തോടെ താഴെ തട്ടില്‍ പ്രവര്‍ത്തനം സജീവമാക്കുന്നതിന് സാധിച്ചിട്ടുള്ളതെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. തികച്ചും ജനാധിപത്യപരമായ രീതിയില്‍ ഒ.ഐ.സി.സിയുടെ പ്രാഥമിക ഘടകങ്ങളായ കൗണ്സില്കമ്മറ്റികളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മാതൃകാപരമാണെന്നും അദ്ദേഹം വിലയിരുത്തി. കൗണ്‍സില്‍ കമ്മറ്റികളിലെ തെരഞ്ഞെടുപ്പ് സംവിധാനം നേരിട്ട് മനസ്സിലാക്കുന്നതിനായി വരും ദിവസങ്ങളില്‍ ചില കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ നേരിട്ട് കാണുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി മാഞ്ചസ്റ്റര്‍ സമ്മേളനത്തില്‍ നിരീക്ഷകരായി പങ്കെടുക്കുന്നതിന് തനിക്കൊപ്പം കെ.പി.സി.സി ഭാരവാഹിയായിരുന്ന എം.എം. നസീറിനെയും ചുമതലപ്പെടുത്തിയിരുന്നുവെന്നും ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ വിസ നിഷേധിക്കപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തിന് എത്തിച്ചേരാന്‍ സാധിക്കാതെ വന്നതെന്നും ജെയ്സണ്‍ വെളിപ്പെടുത്തി. അതുമായി ബന്ധപ്പെട്ട് സമ്മേളന തീയതി മാറ്റുന്നതിനെ പറ്റി കെ.പി.സി.സി പ്രസിഡന്റിനോട് ചര്‍ച്ച നടത്തിയെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി മാറ്റേണ്ടതില്ല എന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്നും ജെയ്സണ്‍ ജോസഫ് പറഞ്ഞു.
ഏതെങ്കിലും മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരോ കോണ്‍ഗ്രസ് സംസ്ക്കാരമുള്ളവരോ ആയിട്ടുള്ളവര്‍ ആശയക്കുഴപ്പം മൂലം വിട്ടു നില്ക്കുന്നവരുണ്ടെങ്കില് ഒ.ഐ.സി.സിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഒറ്റക്കെട്ടായി ഫ്രാന്‍സിസ് വലിയപറമ്പിലിനൊപ്പം അണിനിരക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ഒ.ഐ.സി.സി പ്രതിനിധി സമ്മേളനത്തില്‍ കെ.പി.സി.സി നിരീക്ഷകനായി എത്തിയ ജെയ്സണ്‍ ജോസഫിനെ മുത്തുക്കുടകളുടെ അകമ്പടിയോടെയാണ് വേദിയിലേയ്ക്ക് സ്വീകരിച്ചാനയിച്ചത്ത്. ഇന്ദിരാഗാന്ധിയുടെ ജന്മദിനം കൂടിയായ നവംബര്‍ 19 അനുസ്മരിച്ചും, സമ്മേളന നഗരി നാമധേയം ചെയ്യപ്പെട്ട ലീഡര്‍ കെ.കരുണാകരനെ അനുസ്മരിച്ചും ഇരുവരുടേയും ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തി സര്‍വമത പ്രാര്‍ത്ഥന നടത്തിയതിനു ശേഷമാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് വലിയപറമ്പില്‍ അദ്ധ്യക്ഷനായിരുന്ന യോഗം ശ്രീ ജെയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ തോട്ടപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി. ‘ഇന്ദിരാ ഗാന്ധിയുടെ ജീവിതവും ഇന്ത്യയുടെ വികസനവും’ എന്ന വിഷയം സംബന്ധിച്ച് ലണ്ടന്‍ ഇംപീരിയല്‍ കോളേജ് പ്രൊഫസറായിരുന്ന ഡോ. രാധാകൃഷ്ണന് ശൂരനാട് പ്രഭാഷണം നടത്തി. കെ.എസ്.യു മുന്‍ സംസ്ഥാന കമ്മറ്റി ട്രഷററും സ്വാഗതസംഘം ജനറല്‍ ചെയര്‍മാനുമായ തമ്പി ജോസ്, കെ.എസ്.യു മുന്‍ പത്തനംതിട്ട ജില്ലാസെക്രട്ടറി മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ലണ്ടന്‍ റീജണല്‍ ചെയര്മാന് ടോണി ചെറിയാന് ഉദ്ഘാടന സെഷന് നന്ദി പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ശേഷമാണ് രണ്ടാമത്തെ സെഷന് ആരംഭിച്ചത്. മൂന്ന് പ്രധാന പ്രമേയങ്ങള്‍ ഈ സെഷനില്‍ അവതരിപ്പിച്ചു. കൂത്താട്ടുകുളം മണിമലക്കുന്ന് ഗവ. കോളേജ് മുന്‍ യൂണിയന് ചെയര്‍മാനും മുളന്തുരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായിരുന്ന വിജി കെ.പി അധ്യക്ഷനായിരുന്നു. കോട്ടയം ജില്ലാ കെ.എസ്.യു കമ്മറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും എം.ജി. യൂണിവേഴ്സിറ്റി സെനറ്റ് അംഗവും എറണാകുളം ഗവ. ലോകോളേജ് യൂനിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറുമായിരുന്ന എബി സെബാസ്റ്റ്യന്‍ സംഘടനാ പ്രമേയം അവതരിപ്പിച്ചു. കെ.എസ്.യു തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയും നിലമേല്‍ എന്‍.എസ്.എസ് കോളേജ് യൂണിയന് ചെയര്‍മാനുമായിരുന്ന ഗിരി മാധവന് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. കൂത്താട്ടുകുളം മണിമലക്കുന്ന് കോളേജ് യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറും എം.ജി യൂണിവേഴ്സിറ്റി യൂണിയന് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന കെ.എസ്.ജോണ്സണ് അവകാശപ്രമേയം അവതരിപ്പിച്ചു. കെ.എസ്.യു മുന്‍ സംസ്ഥാന കമ്മറ്റി അംഗവും പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജ് യൂണിയന് ചെയര്‍മാനുമായിരുന്ന അബ്രാഹം ജോര്‍ജ്, പിറവം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ചെയര്‍മാനുമായിരുന്ന തോമസ് പുളിക്കല്‍ എന്നിവര്‍ പ്രിസീഡിയം നിയന്ത്രിച്ചു. കോട്ടയം മാന്നാനം കെ.ഇ കോളേജ് യൂണിയന് ചെയര്മാന്, ജനറല്‍ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.സിബി വേകത്താനം സ്വാഗതം പറയുകയും ഇരിക്കൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആയിരുന്ന അഡ്വ. റെന്സണ് തുടിയംപ്ലാക്കല്‍ നന്ദി പറയുകയും ചെയ്തു.
പ്രമേയാവതരണത്തിന് ശേഷം അതില്‍ മേലുള്ള ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് സമാപന സമ്മേളനം. ഫ്രാന്‍സിസ് വലിയപറമ്പില്‍ അധ്യക്ഷനായിരുന്നു. ജെയ്സണ്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ. മോഹന്‍ദാസ്, വെയില്‍സ് റീജണല്‍ ചെയര്മാന് സോബന് കാര്‍ഡിഫ്, മിഡ്ലാന്റ്സ് റീജണല്‍ ചെയര്മാന് ഇഗ്നേഷ്യന്‍ പെട്ടയില്‍, നോര്‍ത്ത് വെസ്റ്റ് റീജണല്‍ ചെയര്മാന് സാജു കാവുങ, സൗത്ത് ഈസ്റ്റ് റീജണല്‍ ചെയര്മാന് ബെന്നി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളന പ്രതിനിധികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ കൂടി അംഗീകരിച്ച് പ്രമേയങ്ങള്‍ പാസ്സാക്കി. സമ്മേളനത്തിന്റെ വിലയിരുത്തല്‍ പ്രസംഗം ജെയ്സന് ജോസഫ് നടത്തി. ഒപ്പം ഒ.ഐ.സി.സി നടത്തിയ കുട്ടികള്‍ക്കായുള്ള ചിത്രരചാനാ മത്സരത്തില്‍ വിജയികളായ ഫെര്മിയാ വര്‍ഗീസ്, പ്രിയദര്‍ശിനി എന്നിവര്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദേശീയ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.
അവസാന നീഷം വേദി മാറ്റേണ്ടി വന്നത് പ്രതിനിധികള്‍ക്ക് ഉണ്ടാക്കിയ അസൗകര്യത്തില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ തോട്ടപ്പിള്ളി ഖേദം പ്രകടിപ്പിച്ചുവെങ്കിലും സാമൂഹ്യവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനത്തെ മുന്നില്‍ കണ്ട് മതിയായ സൗകര്യങ്ങളോട് കൂടിയ മറ്റൊരു ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്ന പോള്‍സണ്‍ തോട്ടപ്പിള്ളിയെ ദേശീയ കമ്മറ്റി അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല