1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2012

ശനിയാഴ്‌ച്ച നടക്കുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ. അനൂപ് ജേക്കബിന് യു.കെയിലെ മുഴുവന്‍ പ്രവാസി മലയാളികളുടെയും സഹായം ഉണ്ടാവണമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) പിറവം ഉപതെരഞ്ഞെടുപ്പ് സബ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു. മുളന്തുരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് കെ.പി വിജി (ചെയര്‍മാന്‍), പിറവം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് തോമസ് പുളിക്കല്‍ (ജനറല്‍ കണ്‍വീനര്‍), ബിജു ചക്കാലയ്ക്കല്‍ (വൈസ് ചെയര്‍മാന്‍), ജെയ്‌സണ്‍ തോമസ് (ജോ. കണ്‍വീനര്‍) എന്നിവര്‍ സംയുക്തമായിട്ടാണ് സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

പിറവം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ മാസം ഒ.ഐ.സി.സി ബര്‍മ്മിങ്‌ഹാമില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ എല്ലാ യു.കെ മലയാളികളുടേയും സഹായം അഭ്യര്‍ത്ഥിച്ച് അനൂപ് ജേക്കബ് ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. തന്റെ പിതാവ് തുടങ്ങി വച്ച പിറവം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ യു.ഡി.എഫ് സര്‍ക്കാരിനൊപ്പം നിന്നു പൂര്‍ത്തീകരിക്കുവാന്‍ താന്‍ അവസരം തേടി ജനങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ പിറവം മണ്ഡലത്തില്‍ നിന്നുള്ളതും മണ്ഡലവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട് നില്‍ക്കുന്നവരുമായ മുഴുവന്‍ പ്രവാസി മലയാളികളുടേയും സജീവമായ പിന്തുണയും ആത്മാര്‍ത്ഥമായ സഹായവും തനിക്ക് ഉണ്ടാവണമെന്നുമാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്.

കഴിഞ്ഞ എട്ട് മാസക്കാലം കൊണ്ട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ പ്രവാസി മലയാളികള്‍ക്കും പ്രയോജനകരമായ ഒട്ടേറെ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് അഡ്വ. അനൂപ് ജേക്കബ് എടുത്ത് പറഞ്ഞിരുന്നു. വികസനകാര്യങ്ങളില്‍ സംസ്ഥാനത്തൊട്ടകെ എന്ന പോലെ പിറവം നിയോജകമണ്ഡലവും പിന്നോട്ട് പോയ അഞ്ച് വര്‍ഷമായിരുന്നു കഴിഞ്ഞ ഇടതു ഭരണം. യു.ഡി.എഫ് അധികാരത്തില്‍ വന്നതോടെയാണ് ഒട്ടേറെ വികസനപദ്ധതികളുമായി മുന്നോട്ട് പോകുവാന്‍ കഴിഞ്ഞത്. യു.ഡി.എഫ് സര്‍ക്കാരിനു കരുത്ത് പകര്‍ന്ന് ഒരു ജനപ്രതിനിധിയായി അണിചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തന്നെ അനുഗ്രഹിക്കണമെന്നും ഈ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിജയം കാണുന്നതിന് എല്ലാ യു.കെ മലയാളികളുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്നും അഡ്വ. അനൂപ് ജേക്കബ് അഭ്യര്‍ത്ഥിച്ചു. ഈ അവസരത്തില്‍ തന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രത്യേക കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന ഒ.ഐ.സി.സി യു.കെയ്ക്ക്‌ അദ്ദേഹം തന്റെ നന്ദിയും അറിയിച്ചിരുന്നു.

പിറവം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണപരിപാടികള്‍ക്കായി ജില്ലയില്‍ നിന്നുള്ള മുന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒ.ഐ.സി.സി യു.കെ നാഷണല്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ കഴിഞ്ഞ ഒരാഴ്‌ച്ചയിലധികമായി മണ്ഡലത്തില്‍ സജീവമായുണ്ട്. പിറവം മണ്ഡലത്തിലുള്ള യു.കെ മലയാളികളുടെ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് അനൂപ് ജേക്കബിന് അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അനൂപിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതിനായി നാട്ടിലെ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഓര്‍മ്മിപ്പിക്കുവാനും യു.കെ മലയാളികള്‍ക്കിടയില്‍ പിറവം മണ്ഡലത്തില്‍ നിന്നുള്ള എല്ലാവരും തയ്യാറാവണമെന്നും കമ്മറ്റി അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.