സ്വന്തം ലേഖകന്‍: എണ്ണ വില കുത്തനെ ഉയര്‍ത്തി യുഎഇയും സൗദിയും ബഹ്‌റൈനും, നടപടി എണ്ണ വിലയിടിവ് മറികടക്കാന്‍. ബഹ്‌റൈനില്‍ പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ഡീസലിനും മണ്ണെണ്ണയ്ക്കും കഴിഞ്ഞ ഒന്നുമുതല്‍ വില വര്‍ധിപ്പിച്ചിരുന്നു.
വില വര്‍ധനക്ക് ബഹ്‌റൈന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വില പുനര്‍നിര്‍ണയിച്ചത്. ഇതുപ്രകാരം മുംതാസ് എന്ന മുന്തിയ ഇനം പെട്രോളിന് ലിറ്ററിന് 160 ഫില്‍സും (28.13 രൂപ) ജയ്ദ് എന്ന പെട്രോളിന് ലിറ്ററിന് 125 ഫില്‍സു (21.09 രൂപ)മാണ് പുതുക്കിയ വില. നേരത്തെ ഇത് യഥാക്രമം 100 ഫില്‍സും (17.58 രൂപ) 80 ഫില്‍സു (14.06 രൂപ)മായിരുന്നു.
വില കൂട്ടിയതോടെ പെട്രോള്‍പമ്പുകളില്‍ തിങ്കളാഴ്ച രാത്രി വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. സമഗ്രമായ സാമ്പത്തിക, ധനകാര്യ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇന്ധനവില പുനര്‍നിര്‍ണയമെന്ന് ഊര്‍ജമന്ത്രി ഡോ. അബ്ദുല്‍ ഹുസൈല്‍ ബിന്‍ അലി മിര്‍സ അറിയിച്ചു.
വിദേശികളുടെയും വ്യവസായസ്ഥാപനങ്ങളുടെയും വൈദ്യുതി, വെള്ളം സബ്‌സിഡി ഒഴിവാക്കി മാര്‍ച്ചുമുതല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എണ്ണ വിലയിടിവു മൂലമുള്ള വരുമാനക്കുറവ് നികത്താനാണ് ഗള്‍ഫ് രാജ്യങ്ങള്‍ വില വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ പെട്രോള്‍ വിലവര്‍ധനവ് ഈ രാജ്യങ്ങളിലെ ജീവിത ചെലവ് വര്‍ധിപ്പിക്കുന്നതിനാല്‍ പ്രാവാസികളെയും കുടുംബങ്ങളേയും പ്രതികൂലമായി ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല