സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വിപണി എണ്ണവില വീണ്ടും താഴോട്ട്; ഉത്പാദനം നേരിയ തോതില്‍ മാത്രം കുറയ്ക്കാന്‍ ഒപെക്. എണ്ണവിലയിലെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ ഉത്പാദനം കാര്യമായി കുറയ്ക്കാന്‍ ഒപെക് തയ്യാറാകുമെന്ന് കരുതിയതാണെങ്കിലും അതുണ്ടാവില്ല. ഉത്പാദനത്തില്‍ പ്രതിദിനം 10 ലക്ഷം വീപ്പയുടെ കുറവ് വരുത്തിയാല്‍ മതിയെന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തില്‍ ധാരണയായെന്നാണ് സൂചന.
ഏറ്റവും വലിയ ഉത്പാദകരായ സൗദി അറേബ്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്. അതേസമയം, ഒപെക് കൂട്ടായ്മയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഉത്പാദകരായ റഷ്യയുടെ കൂടി തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഒപെക്. റഷ്യയുടെ കൂടി അഭിപ്രായം കേട്ട ശേഷമായിരിക്കും ഉത്പാദനം എത്ര കണ്ട് കുറയ്ക്കണമെന്ന് ധാരണയിലെത്തുക.
14 ലക്ഷം വീപ്പയുടെ വരെ കുറവ് വരുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 10 ലക്ഷമെന്നാല്‍ ആഗോള എണ്ണ ഉത്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ്. ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നതോടെ, വ്യാഴാഴ്ച അസംസ്‌കൃത എണ്ണവില അഞ്ചു ശതമാനത്തിനടുത്ത് ഇടിഞ്ഞു. ഇതോടെ, വീപ്പയ്ക്ക് വീണ്ടും 60 ഡോളറിനു താഴെയായി.
ഉത്പാദനം കാര്യമായി കുറയ്ക്കാതിരിക്കാന്‍ സൗദിക്കു മേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നുണ്ട്. എണ്ണ ഉത്പാദനം സംബന്ധിച്ച് ബുധനാഴ്ച അമേരിക്കന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ഫലീഹ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഉത്പാദനം കുറയ്ക്കാന്‍ ആരുടെയും സമ്മതം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോള എണ്ണ ഉത്പാദനത്തിന്റെ 12 ശതമാനവും സംഭാവന ചെയ്യുന്നത് സൗദിയാണ്. സൗദി, യു.എ.ഇ., ഖത്തര്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, വെനസ്വേല, നൈജീരിയ തുടങ്ങി പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെകില്‍ അംഗങ്ങളായിട്ടുള്ളത്. ഇതില്‍ ഖത്തര്‍ ഒപെക്കില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചിട്ടുണ്ട്. ഒപെക് അംഗങ്ങള്‍ക്കു പുറമെ, റഷ്യ, ഒമാന്‍, ഖസാകിസ്താന്‍ എന്നീ എണ്ണ ഉത്പാദകരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഇപ്പോള്‍ തീരുമാനമെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല