സ്വന്തം ലേഖകന്‍: രാക്ഷസരൂപം പൂണ്ട് ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപില്‍, ആറു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു, കനത്ത മഴയില്‍ ദ്വീപ് പുറംലോകത്തു നിന്ന് ഒറ്റപ്പെട്ടു. കാറ്റിന്റെ തീവ്രത കൂടിയതോടെ സമീപകാലത്തെങ്ങും ഉണ്ടാകാത്തത്ര വലിയ ദുരന്തമാണ് ദ്വീപ് വാസികള്‍ നേരിടുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് നാവികസേന കൂടുതല്‍ സൈനികരെ നിയോഗിച്ചു.
കൊച്ചിയോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന ദ്വീപുകളായ കല്‍പ്പേനിയിലും, മിനിക്കോയിയിലുമാണ് ഏറിയ പങ്ക് നാശനഷ്ടവും. ആറു മീറ്റര്‍ വരെ ഉയരത്തിലാണ് ഈ മേഖലകളില്‍ തിരമാല ഉയര്‍ന്നു പൊങ്ങുന്നത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.കവരത്തിയിലും കനത്ത മഴയും കാറ്റും തുടരുകയാണ്.
ഭക്ഷണവും, മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ലക്ഷദ്വീപില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു.
എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏറെ വൈകിയാണ് നാവികസേന രംഗത്തിറങ്ങിയതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ കൂടി പ്രക്ഷുബ്ധമായ കാലാവസ്ഥ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ലക്ഷദ്വീപ് ഭരണകൂടത്തിന് നല്‍കിയിരിക്കുന്നത്.
പുറംകടലില്‍ നിന്ന് പ്രത്യേകദൗത്യ സംഘം രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചു. കടല്‍ക്ഷോഭത്തില്‍പെട്ട് പുറംകടലില്‍ കുടുങ്ങി ഗുരുതരാവസ്ഥയില്‍ രക്ഷപെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. ഇതോടെ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി. വ്യാഴാഴ്ച നാലുപേര്‍ മരിച്ചിരുന്നു.
കാറ്റിന്റെ വേഗത കുറഞ്ഞങ്കിലും തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്ത് കടലില്‍ കാണാതായ 185 മത്സ്യത്തൊഴിലാളികളില്‍ 150 പേരെ രക്ഷപ്പെടുത്തിയതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. 60 പേരെ ജപ്പാന്‍ കപ്പലാണ് രക്ഷപ്പെടുത്തിയത്. ഇരുപത് മുതല്‍ നാല്‍പ്പത് പേരെയാണ് ഇനി രക്ഷിച്ചെടുക്കാനുള്ളതെന്നും കളക്ടര്‍ വ്യക്തമാക്കി.
ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്. നേവിയുടെ മൂന്നും കോസ്റ്റ് ഗാര്‍ഡിന്റെ ആറും രണ്ട് മര്‍ച്ചന്റ് ഷിപ്പുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്. ഒപ്പം എട്ട് ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. കേരളതീരത്ത് അടുത്ത 48 മണിക്കൂറില്‍ ശക്തമായ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശവാസികളെ മാറ്റി പാര്‍പ്പിക്കാനായി 13 ക്യാമ്പുകള്‍ തുറന്നതായി മുഖ്യമന്ത്രി അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല