സ്വന്തം ലേഖകന്‍: ഓല കാബ് വിളിച്ച യുവാവ് യാത്ര ചെയ്യേണ്ടിയിരുന്ന ദൂരം മൂന്നൂറു മീറ്റര്‍, ചെയ്യാത്ത യാത്രക്ക് ഓല നല്‍കിയ ബില്ല് 149 കോടി രൂപ. കാബില്‍ അടുത്ത ജംഗ്ഷന്‍ വരെ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്ത സുശീല്‍ നര്‍സ്യന്‍ എന്ന യുവാവാണ് ഓല തനിക്കു നല്‍കിയ ബില്ലിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. മുന്നൂറു മീറ്ററോളം മാത്രമായിരുന്നു യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നിതെന്നും എന്നാല്‍ യാത്ര ചെയ്തില്ലെന്നും സുശീല്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം. സുശീല്‍ ഇക്കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ മിക്കവറും ഏപ്രില്‍ ഫൂള്‍ തമാശയാണെന്നാണ് കരുതിയത്. മുംബൈയിലെ മുലുന്ദ് വെസ്റ്റിലെ വീട്ടില്‍ നിന്നു വാകോല മാര്‍ക്കറ്റിലേക്ക് പോകാനാണ് സുശീല്‍ ഓല വിളിച്ചത്. എന്നാല്‍ സുശീലിന്റെ ഫോണ്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഓല ഡ്രൈവര്‍ക്ക് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാതെ മടങ്ങേണ്ടിവന്നു. കാറില്‍ കയറാന്‍ പിക്ക് അപ് പോയിന്റില്‍ എത്തിയിരുന്നുവെങ്കിലും ഡ്രൈവര്‍ കാറുമായി പോയിരുന്നു.
തുടര്‍ന്ന് മറ്റൊരു ഓല കാബ് ബുക്ക് ചെയ്യാന്‍ വിളിച്ചപ്പോഴാണ് സുശീലിനെ ഞെട്ടിക്കുന്ന ബില്‍ കിട്ടിയത്. തന്റെ മൊബൈല്‍ വാലറ്റില്‍ 149 കോടി രൂപ കുടിശ്ശികയുണ്ടെന്നായിരുന്നു സന്ദേശം. 127 രൂപ ബില്‍ ഈടാക്കിയതായും സന്ദേശം വന്നു. അതേസമയം, സാങ്കേതിക പിഴവുകൊണ്ട് പറ്റിയ തെറ്റാണെന്നും പണം തിരികെ നല്‍കുമെന്നും ഓല കമ്പനി സുശീലിനെ അറിയിക്കുകയും രണ്ടു മണിക്കൂറിനുള്ളില്‍ പണം സുശീലിന് തിരിച്ചുകിട്ടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല