സ്വന്തം ലേഖകന്‍: കാമുകിയേക്കാള്‍ നിരക്ക് കുറവെന്ന് ഓല ടാക്സിയുടെ പുതിയ പരസ്യം, സ്ത്രീ വിരുദ്ധമെന്ന ആരോപണത്തെ തുടര്‍ന്ന് പിന്‍വലിച്ചു. എതിരാളികളായ യുബറിനൊപ്പം മത്സരിക്കന്‍ യാത്രാനിരക്ക് കുറച്ചതിന്റെ പരസ്യമിറക്കിയ മൊബൈല്‍ ആപ് ടാക്സി സര്‍വീസായ ഓലയാണ് പുലിവാലു പിടിച്ചത്. പരസ്യം ലിംഗഭേദമാണ് മുന്നോട്ടു വക്കുന്നതെന്നും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്നാണ് പരസ്യത്തിനെതിരേയുള്ള ആരോപണം. കാമുകിയുമൊത്ത് ചുറ്റിയടിക്കുന്ന കാമുകന് ഗേള്ഫ്രണ്ടിനേക്കാള് നിരക്ക് കുറവ് ഒല ടാക്സിക്കാണെന്ന് നടത്തുന്ന അഭിപ്രായ പ്രകടനമാണ് വിവാദമായത്. കാമുകിയുമൊത്ത് ഒരു ചന്തയിലൂടെ നടക്കുന്ന കാമുകന് അവര്‍ വാങ്ങിക്കൂട്ടുന്ന സാധനങ്ങള്‍ക്കെല്ലാം മനസ്സില്ലാ മനസ്സോടെ പണം നല്‍കുകയാണ്. ഒടുവില്‍ മൊബൈലില്‍ നിന്നും ഓല ടാക്സി സര്‍വീസ് സ്വീകരിക്കുന്ന കാമുകന് കാമുകിയുമൊത്ത് നടന്നാല്‍ കിലോമീറ്ററിന് 525 രൂപയും ഓല മൈക്രോയിലെ യാത്രയ്ക്കാണെങ്കില്‍ കിലോമീറ്ററിന് ആറു രൂപ മതിയെന്നും പറയുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. പരസ്യം സ്ത്രീകളെ അപമാനിക്കുന്നതാണ് എന്ന വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഓല പരസ്യം മാറ്റിയെങ്കിലും യൂട്യൂബില്‍ അതിനകം വൈറലാകുകയായിരുന്നു. പരസ്യം സ്ത്രീകളുടെ അഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്ന് മനസ്സിലാക്കി പിന്‍വലിക്കുകയാണെന്ന് ഓല ട്വിറ്ററില്‍ അറിയിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല