സ്വന്തം ലേഖകന്‍: ഗിസയില്‍ പിരമിഡുകള്‍ക്ക് സമീപം 4,500 വര്‍ഷം പഴക്കമുള്ള നിഗൂഡ ശ്മശാനം കണ്ടെത്തി. ഗിസയിലെ പിരമിഡുകള്‍ക്കു സമീപമുള്ള പുരാതന ശ്മശാനം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. 4,500 വര്‍ഷം പഴക്കമുള്ള ശ്മശാനമാണു കഴിഞ്ഞ ദിവസം പുറംലോകം കണ്ടത്. വിവിധ നിറങ്ങളിലുള്ള മരം കൊണ്ടു നിര്‍മിച്ച ശവപ്പെട്ടികളും ചുണ്ണാമ്പുകല്ലു പ്രതിമകളുമാണു ഗവേഷകര്‍ പ്രധാനമായും കണ്ടെത്തിയത്.
ഗിസ സമതലത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശത്തു നടത്തിയ ഗവേഷണത്തില്‍ വിവിധ കാലഘട്ടങ്ങളിലെ ശവകുടീരങ്ങളും സംസ്‌കാരത്തിനുപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിലെ അഞ്ചാമത്തെ രാജവംശത്തിന്റേതെന്നു കരുതുന്ന ചുണ്ണാമ്പുകല്ലില്‍ നിര്‍മിച്ച കുടുംബ കല്ലറയാണു കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ളത്. 2500 ബിസിയോടടുത്താണ് ഇതിന്റെ കാലഘട്ടമെന്നാണ് ഈജിപ്ഷ്യന്‍ പുരാവസ്തു മന്ത്രാലയം വ്യക്തമാക്കുന്നത്.
ശിലാലിഖിതങ്ങളടങ്ങിയ ചുവരുകള്‍, സങ്കീര്‍ണമായ പെയിന്റിങ്ങുകളുള്ള സാര്‍കോഫാഗസ് (ശവപ്പെട്ടി), മൃഗങ്ങളുടെയും മനുഷ്യരുടെയും പ്രതിമകള്‍ തുടങ്ങിയവ ഇവിടെ ഉള്ളതായി ഗവേഷണ സ്ഥലത്തേക്കു പ്രവേശനം ലഭിച്ച രാജ്യാന്തര മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. പ്രധാനമായും രണ്ടു പേരുടെ കല്ലറകളാണു കണ്ടെടുത്തത്. പുരോഹിതന്‍, ജഡ്ജി എന്നിങ്ങനെ ഏഴു ചുമതലകള്‍ വഹിച്ചിരുന്ന ബെനൂയ്–കാ, ന്‌വി– കാഫ്ര എന്നിവരുടേതാണിത്. ഗിസയിലെ ഏറ്റവും വലിയ രണ്ടാമത്തെ പിരമിഡ് നിര്‍മിച്ചത് കാഫ്രയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല