സ്വന്തം ലേഖകന്‍: മരണത്തിലും കൈകോര്‍ത്ത്, നെതര്‍ലന്‍ഡ്‌സില്‍ അപൂര്‍വമായ ഇരട്ട ദയാവധം സ്വീകരിച്ച് വൃദ്ധ ദമ്പതികള്‍. 1952 ല്‍ വിവാഹിതരായ നിക്ക് എല്‍ഡെര്‍ഹോസ്റ്റും ട്രീസുമാണ് മരണത്തിലും കൈകോര്‍ത്ത് ഒരുമിച്ചു കടന്നുപോയത്. ഇതോടെ ഇരട്ട ദയാവധത്തിന് വിധേയരായ ആദ്യ ദമ്പതിമാര്‍ എന്ന അപൂര്‍വതയും ഇവര്‍ക്ക് സ്വന്തമായി.
നെതര്‍ലന്‍ഡ്‌സിലെ ഡിഡാമിലായിരുന്നു ഏറെക്കാലമായി ഇരുവരും താമസം. 2012ല്‍ നിക്കിന് പക്ഷാഘാതമുണ്ടായി. ആന്റിബോയോട്ടിക് മരുന്നുകളുടെ ബലത്തിലായിരുന്നു ഓരോ ദിവസവും കഴിച്ചുകൂട്ടിയിരുന്നത്. ട്രീസ് ഒപ്പമിരുന്ന് ശുശ്രൂഷിച്ചു. അടുത്തിടെ ട്രീസിന് സ്മൃതിക്ഷയം സ്ഥിരീകരിച്ചു. ഇതോടെ ദയാവധത്തിന് ഇരുവരും അപേക്ഷ നല്‍കുകയായിരുന്നു.
മരിക്കും മുമ്പ് നിക്കും ട്രീസും പരസ്പരം ചുംബിച്ചു യാത്ര പറഞ്ഞതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ച് മരണം കാത്തുകിടക്കുമ്പോള്‍ ഡോക്ടറുടെ സിറിഞ്ചില്‍ നിന്നെത്തിയ മരുന്ന് പതിയെ ഇരുവരുടെയും ശരീരങ്ങളെ നിശ്ചലമാക്കി. ഒരുമിച്ചു മരിക്കുക എന്നത് ഇവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് മകള്‍ ഡച്ച് പത്രമായ ‘ഡെ ജെല്‍ഡെര്‍ലാന്‍ഡറി’നോട് പറഞ്ഞതായി ‘വാഷിങ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.
ദയാവധം നിയമവിധേയമാക്കിയ ആദ്യ രാജ്യമായ നെതര്‍ലന്‍ഡ്‌സില്‍ 2002 മുതല്‍ ഇതുവരെ 5,500 ലേറെപ്പേര്‍ ദയാവധം സ്വീകരിച്ചിട്ടുണ്ട്. മയക്കുന്നമരുന്ന് കുത്തിവെച്ച് ഡോക്ടര്‍മാരാണ് ദയാവധം നടപ്പാക്കുന്നത്. ബെല്‍ജിയം, കൊളംബിയ, ലക്‌സംബര്‍ഗ് എന്നിവയുള്‍പ്പെടെ ഏതാനും രാജ്യങ്ങളും ദയാവധം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യസഹായത്തോടെയുള്ള മരണത്തെക്കുറിച്ച് മതപരവും ധാര്‍മികവുമായ നിരവധി എതിര്‍പ്പുകളും സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല