1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2024

സ്വന്തം ലേഖകൻ: ഒമാനിൽ വർഷാവസാനത്തോടെ പിൻവലിക്കാനിരിക്കുന്ന കറൻസി നോട്ടുകൾ ബാങ്കുകളിൽനിന്ന് മാറിയെടുക്കുന്ന കാര്യം ജനങ്ങളെ വീണ്ടും ഓർമിപ്പിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. പിൻവലിക്കപ്പെടുന്ന കറൻസി നോട്ടുകൾ 2024 ഡിസംബർ 31ന് അസാധുവാകുമെന്നും ആയതിനാൽ അതിനു മുൻപായി ഇവ ബാങ്കുകളിൽനിന്ന് മാറ്റിയെടുക്കണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളെ ഓർമപ്പെടുത്തി.

ഒമാനിലെ ഏതാനും കറൻസി നോട്ടുകൾ പിൻവലിക്കുന്നതായും 2024 ജനുവരി മുതൽ 360 ദിവസം കഴിഞ്ഞാൽ ഇവ പ്രചാരത്തിൽ ഉണ്ടാകില്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒമാൻ കറൻസിയുടെ ആറാമത് എഡിഷന് മുൻപുള്ള എല്ലാ ബാങ്ക് നോട്ടുകളും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അസാധുവാകും.

ഇതുപ്രകാരം 1995, 2010, 2012 വർഷങ്ങളിൽ ഇറക്കിയ എല്ലാ കറൻസികളും 2005ലും 2015ലും ഇറക്കിയ ഒരു റിയാലിന്റെ നോട്ടുകൾ, 2010 ൽ ഇറക്കിയ 20 റിയാലിന്റെ നോട്ടുകൾ, 2019ൽ ഇറക്കിയ 50 റിയാലിന്റെ നോട്ടുകൾ എന്നിവയും പിൻവലിക്കപ്പെടും.

പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കുന്നതിനായി പൊതുജനങ്ങൾക്ക് റൂവി, സൊഹാർ, സലാല എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ശാഖകൾ സന്ദർശിക്കാവുന്നതാണ്. ഇതിനു പുറമെ ഒമാനിൽ പ്രവർത്തിക്കുന്ന മറ്റ് ബാങ്കുകളിൽ നിന്നും നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയും.

അതേസമയം നോട്ടുകൾ ഉപയോഗത്തിലിരിക്കുന്ന അവസാന തീയതി വരെ (2024 ഡിസംബർ 31 വരെ) ഒമാനിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ഈ നോട്ടുകൾ പൊതുജനങ്ങളിൽനിന്ന് സ്വീകരിക്കണമെന്നും മാറ്റിനൽകണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.