മരണം മനുഷ്യോല്‍പ്പത്തി മുതല്‍ ഉണ്ടെങ്കിലും എന്ന് മുതലാണ് മനുഷ്യര്‍ പൊതു ശ്മശാനങ്ങള്‍ ശവസംസ്കരണത്തിന് ഉപയോഗിച്ച് തുടങ്ങിയതെന്ന് പുരാവസ്തു ഗവേഷകര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. ഇപ്പോളിതാ യുകെയിലെ ഏറ്റവും പഴക്കമുള്ള തുറന്ന സെമിത്തേരി സോമെര്‍സെട്ടിലാണെന്ന് കൌണ്ടി കൌണ്‍സില്‍ പറയുന്നു. ഇവിടെ നിന്നും കണ്ടെത്തിയ രണ്ടു തലയോട്ടികളില്‍ സമീപകാലത്ത് നടത്തിയ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്ങിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാണ് കൌണ്‍സില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
സോമെര്‍സെറ്റിലെ ‘നഷ്ടലോകങ്ങളെ’ കണ്ടെത്താനായ് ആര്‍ക്കിയോളജി ഡിപ്പാര്ട്ടുമെന്റ് നടത്തുന്ന അന്വേഷണത്തിനിടെയാണ് ഈ കണ്ടെത്തല്‍. ഈ തലയോട്ടികള്‍ ബ്രിഡ്ജ്വാട്ടേര്‍സ് ബ്ലേക്ക് മ്യൂസിയത്തിന് കൈമാറുമെന്ന് കൌണ്ടി കൌണ്‍സില്‍ അറിയിച്ചു.
ഈ കണ്ടെത്തലില്‍ നിന്നും ഏതാണ്ട് ബി.സി 8 ,300 ല്‍ അന്ന് നായാട്ടു ജീവിതം നയിച്ചിരുന്ന മനുഷ്യര്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ തുടങ്ങിയിരുന്നു എന്നാണു വ്യക്തമാകുന്നത്. പുരാതനകാല മനുഷ്യരുടെ അവശിഷ്ടങ്ങള്‍ സോമെര്‍സെറ്റിലെ വിവിധ ഗുഹകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സോമെര്‍സെട്ടിനെ പ്രാചീന ശിലായുഗത്തിനും നവീന ശിലായുഗത്തിനും ഇടയില്‍ ഉണ്ടായിരുന്ന യൂറോപ്പിലെ ഏറ്റവും വലിയ ശവസംസ്കരണ സ്ഥലമായാണ് കരുതുന്നത്.
സോമെര്‍സെറ്റിലെ കൌണ്ടി കൌണ്‍സിലര്‍ ക്രിസ്ട്ടീനെ ലോറെന്‍സ് പറയുന്നു: ‘പൈതൃക സ്ഥലമായ സോമെര്‍സെറ്റിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഉറപ്പാണ്’. ഇത്തരം പൊതു ശ്മശാനങ്ങള്‍ യൂറോപ്പില്‍ വളരെ കുറവാണെന്നും ഇതായിരിക്കാം ഉണ്ടായിരുന്ന ഒരേയൊരു പൊതു ശ്മാശാനമെന്നും സോമെര്‍സെറ്റിലെ പുരാതന ലോകത്തെ കുറിച്ച് നടത്തുന്ന പ്രൊജെക്ട്ടിന്റെ ലീഡര്‍ ഡോ: റിച്ചാര്‍ഡ് ബ്രുന്നിംഗ് പറഞ്ഞു. ഇതേ സ്ഥലത്ത് നിന്നും ശിലായുഗ ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല