ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിന് കുവൈത്തിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി പിന്‍വലിച്ചു. കായിക നിയമങ്ങള്‍ അന്താരാഷ്ട്രനിലവാരം പുലര്‍ത്തുന്നില്ലെന്ന് ചൂണ്ടികാണിച്ച് 2010 ല്‍ കുവൈത്തിനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഐഒസി പിന്‍വലിച്ചത്. ഇതോടെ സ്വന്തം രാജ്യത്തിന്റെ പതാകയേന്തി ലണ്ടന്‍ ഒളിംപിക്‌സിലെത്താന്‍ കഴിയുന്നതിന്റെ അഭിമാനത്തിലാണ് യോഗ്യത നേടിയ കുവൈത്തിലെ കായിക താരങ്ങള്‍.
ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കുവൈത്ത് അമീര്‍ ശൈഖ് അല്‍ അഹ്മദ് അല്‍ സബാ ഒളിംമ്പിക് കമ്മറ്റിക്ക് കത്തയച്ചതിനെത്തുടര്‍ന്നാണ് 2 വര്‍ഷം നീണ്ട വിലക്ക് നീങ്ങിയിരിക്കുന്നത്. സിറ്റ്‌സര്‍ലണ്ടിലെ ഐ ഒ സി ആസ്ഥാനത്ത് നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്.
ഇതനുസരിച്ച് ഒളിംപിക് വില്ലേജില്‍ പതാക ഉയര്‍ത്താനും, മത്സരവേദികളില്‍ രാജ്യത്തിന്റെ ദേശീയ ഗാനം മുഴക്കാനും കുവൈത്തിന് അനുമതി ലഭിക്കും. കായികലോകം ആവേശത്തോടെ കാത്തിരുന്ന ലണ്ടന്‍ ഒളിംപിക്‌സിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ യുണ്ടായ തീരുമാനത്തിന്റെ ആഹ്ലാദത്തിലാണ് കുവൈത്തില്‍ നിന്നും ഒളിംപിക്‌സിന് യോഗ്യത നേടിയ താരങ്ങളും.
2010 ജനുവരിയിലാണ് രാജ്യത്തെ കായിക നിയമങ്ങള്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നില്ലെന്ന് കാണിച്ച് മറ്റ് പത്ത് രാഷ്ട്രങ്ങള്‍ക്കൊപ്പം കുവൈത്തിനെയും ഐ ഒ സി അധികൃതര്‍ മേളയില്‍ നിന്നും വിലക്കിയിരുന്നത്. വിലക്ക് നീങ്ങിയതോടെ 8 ഇനങ്ങളിലായി യോഗ്യത നേടിയ 11 കുവൈത്ത് താരങ്ങള്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാനുളള ഒരുക്കങ്ങള്‍ സജീവമാക്കി.
വിലക്ക് ഉളളതിനാല്‍ അതാത് മത്സര ഇനങ്ങളുടെ അന്താരാഷ്ട്ര ഫെഡറേഷന്‍ ബാനറില്‍ മത്സരിക്കാനിരിക്കെയാണ് വിലക്ക് നീക്കികൊണ്ടുളള പ്രഖ്യാപനം വന്നത്. ഐഒസി തീരുമാനത്തോടെ സ്വന്തം രാജ്യത്തിന്റെ പതാകയേന്തി വേദിയിലെത്താനാവുന്നതിന്റെ അഭിമാനത്തിലാണ് ലണ്ടന്‍ ഒളിംപിക്‌സിന് യോഗ്യത നേടിയ കുവൈത്തിലെ കായിക താരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല