ലണ്ടനില്‍ ഒളിമ്പിക് പാര്‍ക്കിനു സമീപമുള്ള ഫ്ളാറ്റ് സമുച്ചയത്തിലെ ജലസംഭരണിയുടെ മേല്‍ക്കൂരയില്‍ ഉപരിതല മിസൈല്‍ വിന്യസിക്കാന്‍ ബ്രിട്ടീഷ് പ്രതിരോധവകുപ്പ് ആലോചന തുടങ്ങി. ഒളിമ്പിക് ഗെയിംസിനു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടാവുന്നതു തടയുകയാണു ലക്ഷ്യം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ലണ്ടനില്‍ മിസൈലുകള്‍ വിന്യസിക്കുന്നത്. ബോ ക്വാര്‍ട്ടര്‍ ഭവനനിര്‍മാണ പദ്ധതിയുടെ വാട്ടര്‍ ടവറിലാണു മിസൈല്‍ വിന്യാസത്തിനു പരിപാടിയിടുന്നത്.
ഫ്ളാറ്റുകളിലെ താമസക്കാര്‍ക്ക് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു തുടങ്ങി. ബെയ്ജിംഗില്‍ ഒളിമ്പിക്സ് നടത്തിയപ്പോള്‍ സ്റേഡിയത്തിന് ഒരു കിലോമീറ്റര്‍ അകലെ ഇത്തരത്തില്‍ മിസൈലുകള്‍ വിന്യസിച്ചിരുന്നു. കരയില്‍ നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന മിസൈലുകളാകും സാധാരണക്കാരുടെ പാര്‍പ്പിടങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കുക.
അതിദ്രുത മിസൈല്‍ സംവിധാനം സ്ഥാപിക്കുന്ന കാര്യം പരാമര്‍ശിക്കുന്ന ലഘുലേഖകള്‍ കിഴക്കന്‍ ലണ്ടനിലെ 700താമസക്കാരുള്ള ഫ്ളാറ്റില്‍ ലഭിച്ചു. എന്നാല്‍, ഒളിമ്പിക്സ്നടക്കുമ്പോള് ഭൂതല മിസൈല്‍ സ്ഥാപിക്കണമോ എന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് പറയുന്നത്.
അതേസമയം, അടുത്തയാഴ്ച മിസൈല്‍ പരീക്ഷണം നടത്താനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ഇവിടത്തെ താമസക്കാരിലൊരാളായ ബ്രയാന്‍ വെലാന് അവകാശപ്പെട്ടു. മിസൈല്‍ സ്ഥാപിക്കാനുള്ള ഉപകരണവുമായി പട്ടാളക്കാര്‍ കെട്ടിടത്തിലേക്ക് പോകുന്നത് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഫ്ളാറ്റിലെ ജലസംഭരണിക്കു മുകളില്‍ മിസൈല്‍ വെക്കുമെന്നാണ് ലഘുലേഖയില്‍ പറയുന്നത്. 10 സുരക്ഷാ ഓഫീസര്‍മാരും പോലീസുകാരും 24 മണിക്കൂറും ഇവിടെയുണ്ടാകും. മെയ് രണ്ട് മുതല്‍ ഏഴുവരെ നടക്കുന്ന സൈനികാഭ്യാസ പ്രകടനത്തിന്റെ ഭാഗമായാണ് ഇതെന്നും ലഘുലേഖയില്‍ പറയുന്നു. ഒളിമ്പിക്സ് മുന്നോടിയായി സായുധ സേനകളുടെ ശേഷി പരിശോധിക്കുന്നതിനുള്ള അഭ്യാസ പ്രകടനങ്ങള്‍ മെയ് രണ്ടു മുതല്‍ 10 വരെ നടക്കുമെന്നും ലേഖ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല