ലണ്ടനില്‍ ജൂലൈ 27ന് തിരിതെളിയുന്ന ലോകകായികമാമാങ്കത്തിന് മുന്നോടിയായി പുരാതനമായ ഒളിമ്പിയായില്‍ നിന്നും തെളിയിച്ച ഒളിമ്പിക്സ് ദീപശിഖാപ്രയാണത്തിന് ഗില്‍ഫോര്‍ഡില്‍ ആവേശോജ്ജ്വലമായ വരവേല്‍പ് നല്‍കി. ഗില്‍ഫോര്‍ഡിലെ ദീപശിഖാപ്രയാണത്തിന് തുടക്കം കുറിച്ച പ്രശസ്തമായ കത്തീഡ്രല്‍ ദേവാലയത്തിന് മുന്‍പിലുള്ള റോഡിനിരുവശങ്ങളിലുമായി ആകാംക്ഷയോടെ അണിനിരന്ന ആയിരക്കണക്കിനാളുകളോടൊപ്പം, വോക്കിംഗ് മലയാളി അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ മലയാളി സമൂഹവും പങ്കുചേര്‍ന്നു.
വൈകുന്നേരം 6.15ന് ഗില്‍ഫോര്‍ഡില്‍ നിന്നുള്ള ലിസ്സ റോബര്‍ട്ട് ദീപശിഖ വഹിച്ചുകൊണ്ടുള്ള പ്രയാണം ആരംഭിച്ചപ്പോള്‍ ആരവങ്ങളോടെ കാണികള്‍ ആവേശഭരിതരായി ഇളകിമറിഞ്ഞു. ദീപശിഖ കടന്നുപോയ എല്ലാവഴികളുടെയും ഇരുവശങ്ങളിലുമായി, 5 മണിമുതല്‍ക്കുതന്നെ അനവധി ആളുകളാണ് ആവേശഭരിതരായി അന്തരീക്ഷത്തില്‍ ആര്‍പ്പുവിളികളോടെ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ കാത്തിരുന്നത്. ഗില്‍ഫോര്‍ഡ് സ്റ്റോക്ക് പാര്‍ക്കില്‍ വൈകുന്നേരം 7 മണിയോടെ എത്തിച്ചേര്‍ന്ന ദീപശിഖാപ്രയാണത്തെ വരവേല്‍ക്കാന്‍ 25,000ത്തിലധികം ആളുകള്‍ തടിച്ചുകൂടിയിരുന്നു.
ലണ്ടനുമുന്‍പുള്ള പ്രധാന സ്വീകരണകേന്ദ്രമെന്ന നിലയ്ക്ക് ഗില്‍ഫോര്‍ഡിലെവരവേല്‍പ് അവിസ്മരണീയമാക്കാമെന്നുള്ള ലക്ഷ്യത്തോടെ വിപുലമായ തയ്യാറെടുപ്പുകളാണ് സറേ കൌണ്ടി കൌണ്‍സിലും ഗില്‍ഫോര്‍ഡ് ബൊറോകൌണ്‍സിലുംചേര്‍ന്നൊരുക്കിയിരുന്നത്. പ്രശസ്തരായ കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളും കലാപരിപാടികളും സ്റ്റോക്ക്പാര്‍ക്കില്‍ സംഘടിപ്പിച്ചിരുന്നു. തിങ്ങിനിറഞ്ഞ വന്‍ജനാവലിയെ സാക്ഷിയാക്കി ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ദീപശിഖ ഉയര്‍ത്തി ഓസ്റ്റിന്‍ പ്ലേഫുട്ട് നിര്‍വഹിച്ചപ്പൊള്‍ ചരിത്രത്തിന്റെ ആവര്‍ത്തനം കുറിച്ച അസുലഭ കാഴ്ചയ്ക്കും കാണികള്‍ സാക്ഷ്യം വഹിച്ചു.
1948ലെ ഒളിമ്പിക്സില്‍ അന്ന് 18 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഓസ്റ്റിന്‍ പ്ലേഫുട്ട് ഗില്‍ഫോര്‍ഡ് ഹൈസ്ട്രീറ്റ് റോഡില്‍ നടന്ന ദീപശിഖാപ്രയാണത്തില്‍ ദീപശിഖയേന്തി പങ്കെടുത്തിരുന്നു. 64 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ 82 വയസ്സുള്ള ഓസ്റ്റിന്‍ പ്ലേഫുട്ട് 2012ലെ ലണ്ടന്‍ ളിമ്പിക്സിന് ദീപശിഖയേന്തി ഗില്‍ഫോര്‍ഡിലെ പ്രയാണം അവസാനിപ്പിച്ചത്. തുടര്‍ന്ന് നേവിയുടെ സീ കിംഗ് ഹെലികോപ്റ്ററില്‍ കൃത്യം 8.12ന് ലണ്ടന്‍ ടവറില്‍ എത്തിച്ച ദീപശിഖ ബ്രിട്ടന്റെ ഒളിമ്പിക് മെഡല്‍ ജേതാവ്, കെല്ലി ഹോംസ് ഏറ്റുവാങ്ങി. ജീവിതത്തില്‍ ചിലപ്പോള്‍ ഒരിയ്ക്കല്‍മാത്രം നേരിട്ട് കാണുവാന്‍ സാധിച്ച ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ എത്തിച്ചേര്‍ന്ന എല്ലാമലയാളികളെയും വോക്കിംഗ് മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍, യുക്മ പ്രസിഡണ്ട് വര്‍ഗ്ഗീസ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് അഭിനന്ദിച്ചു.
വോക്കിംഗ് മലയാളി അസ്സോസ്സിയേഷന്‍ അഭിമാനനിമിഷങ്ങള്‍ സമ്മാനിച്ച ഈ സ്വീകരണപരിപാടികള്‍ക്ക് ജയ്‌മോന്‍ മൂലക്കുന്നേല്‍, ടോമിച്ചന്‍ കൊഴുവനാല്‍, സി എ ജോസഫ്, ക്ലീറ്റസ് സ്റ്റീഫന്‍ , മോളി സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല