1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2012

ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് 2012 ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സസ്റ്റെയിനബിലിറ്റി കമ്മീഷണര്‍ മെറിഡിത് അലക്‌സാണ്ടര്‍ രാജിവെച്ചു. ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണാണ് മെറിഡിതിനെ നിയമിച്ചത്.

ഡൗ കെമിക്കല്‍സുമായുള്ള ഐക്യം ഉപേക്ഷിക്കാന്‍ ലണ്ടന്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ഓഫ് ഒളിമ്പിക് ആന്റ് പാരലിംപിക് ഗെയിംസ് (ലോകോഗ്) തയ്യാറാവാത്തിടത്തോളം കാലം തനിക്ക് ഈ പോസ്റ്റില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് അലക്‌സാണ്ടര്‍ 2012 ലണ്ടന്‍ സസ്‌റ്റെയിനബിള്‍ കമ്മീഷനെ അറിയിച്ചു. ആക്ഷന്‍ എയ്ഡ് എന്ന സന്നദ്ധ സംഘടനയുടെ മേധാവിയാണ് അലക്‌സാണ്ടര്‍.

‘ ഡൗ കെമിക്കല്‍സിനെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തില്‍ചേരാന്‍ എനിക്കാഗ്രഹമില്ല. എന്റെ തലമുറയില്‍ ഏറ്റവും മോശമായ മനുഷ്യാവകാശ ലംഘനത്തിന് ഉത്തരവാദികളാണിവര്‍. ദുരന്തം നടന്ന് 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്ഥലം ഇനിയും അതില്‍ നിന്നും മോചിക്കപ്പെട്ടിട്ടില്ല. ആയിരക്കണക്കിനാളുകള്‍ ഇന്നും അതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. ഈയൊരു ദുരന്തത്തിന്റെ ഓര്‍മകള്‍ മനസിനെ അലട്ടാതെ ആളുകള്‍ 2012 ലണ്ടന്‍ ഒളിമ്പിക്‌സ് ആസ്വദിക്കണമെന്നാണ് എന്റെ ആഗ്രഹം’ അലക്‌സാണ്ടര്‍ വ്യക്തമാക്കി.

ഡൗ കെമിക്കല്‍സുമായി എഴ് ദശലക്ഷം പൗണ്ടിന്റെ കരാറുണ്ടാക്കിയതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന കാര്യം ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടകര്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് അലക്‌സാണ്ടറിന്റെ രാജിയെ സ്വാഗതം ചെയ്തുകൊണ്ട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഡൗ കെമിക്കല്‍സുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആശങ്കകള്‍ ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് ഇനിയും അവഗണിക്കാനാവില്ലെന്നാണ് ഈ രാജിയില്‍ നിന്നും വ്യക്തമാകുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിലെ സീമി ജോഷി പറഞ്ഞു.

1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമാണ് ഡൗ കെമിക്കല്‍സ്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് സ്‌പോണ്‌സര്‍ ചെയ്യുന്നത് ഈ കമ്പനിയാണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌റ്റേഡിയത്തിന് ചുറ്റും തുണി കൊണ്ട് പൊതിയുവാനുള്ള കരാറാണ് ഡൗ കെമിക്കല്‍സ് നേടിയിരിക്കുന്നത്. ഏഴ് മില്യന്‍ ബ്രിട്ടീഷ് പൗണ്ട് ആണ് സ്‌പോണ്‍സര്‍ഷിപ്പ് തുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.