സ്വന്തം ലേഖകൻ: ഒമാനില്‍ 2024ലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ് പുറത്തിറങ്ങി. ജനുവരി 11 (സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അധികാരമേറ്റ ദിനം), ഇസ്റാഅ് മിഅ്റാജ് (റജബ് 27), മുഹര്‍റം ഒന്ന്, റബിഉല്‍ അവ്വല്‍ 12, ഒമാന്‍ ദേശീയ ദിനം (നവംബര്‍ 18, 19), ചെറിയ പെരുന്നാള്‍ (റമസാന്‍ 29 മുതല്‍), ബലി പെരുന്നാള്‍ (ദുല്‍ ഹിജ്ജ ഒമ്പത് മുതല്‍ 12 വരെ) എന്നിവയാണ് പൊതു അവധി ദിനങ്ങള്‍.
പൊതുഅവധി ദിനങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കില്‍ പകരം ഒരു ദിവസം അവധി നല്‍കും. രണ്ട് പെരുന്നാള്‍ ദിനങ്ങള്‍ വെള്ളിയാഴ്ചയായി വന്നാലും മറ്റൊരു ദിവസം അവധിയായി പരിഗണിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതിനിടെ ഒമാനിൽ കഴിഞ്ഞ ഒക്ടോബർ മുതൽ കോവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇവരെല്ലാം പൂർണമായി സുഖം പ്രാപിച്ചവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജെ.എൻ 1 വകഭേദത്തിനെ പ്രതിരോധിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
സീസണൽ ഇൻഫ്ലുവൻസ വൈറസുകളുടെ ഏറ്റവും ഉയർന്ന വ്യാപനം കഴിഞ്ഞ ഡിസംബറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിലാണ് ആദ്യമായി പുതിയ വകഭേദമായ ജെ.എൻ 1 റിപ്പോർട്ട് ചെയ്തതെന്ന് ക്ഷയരോഗ, അക്യൂട്ട് റെസ്പിറേറ്ററി ഡിസീസ് കൺട്രോൾ വിഭാഗം മേധാവി ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ യാഖൂബിയ പറഞ്ഞു. ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി.
നിലവിൽ അമേരിക്ക, യുകെ, ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ, നെതർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. 41ൽ അധികം രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ജെഎൻ.1 വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമാണ്.
ഗർഭിണികൾക്കും പ്രായമായവർക്കും വാക്സിനേഷൻ പരമാവധി നൽകാൻ സുൽത്താനേറ്റ് കഠിനമായി പരിശ്രമിച്ചു വരികയാണെന്ന് ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ യാഖൂബിയ പറഞ്ഞു. കുട്ടികളിലെ രോഗാവസ്ഥയും ആശുപത്രിവാസവും കുറക്കുന്നതിനായി രണ്ട് വയസ്സ് പ്രായമുള്ള കുട്ടികൾക്കായി ഇൻഫ്ലുവൻസ വാക്സിൻ അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല