സ്വന്തം ലേഖകൻ: തൊഴില്‍, താമസ രേകഖളുമായി ബന്ധപ്പെട്ട പിഴകള്‍ ഇല്ലാതെ ഒമാന്‍ വിടുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 വരെ ഇവര്‍ക്ക് നാടണയാന്‍ സാധിക്കും. 2020 നവംബര്‍ 15 മുതലാണ് റജിസ്‌ട്രേഷന്‍ ആരംഭിച്ചത്.
അനധികൃതമായി രാജ്യത്ത് തങ്ങുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഫീസുകളും പിഴകളുമില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം അവസരം ഒരുക്കുകയായിരുന്നു. റസിഡന്‍സ് കാര്‍ഡ്, പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ഏര്‍പ്പെടുത്തിയത്. തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നല്‍കും.
അതോടൊപ്പം പിഴയില്ലാതെ വിസ പുതുക്കാനുള്ള അവസരം സെപ്തംബര്‍ ഒന്നു വരെ മാത്രമായിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ അവസരം പ്രവാസികളും സ്ഥാപനങ്ങളും പരമാവധി ഉപയോഗപ്പെടുത്തി, പുതുക്കാതെ കിടക്കുന്ന വര്‍ക്ക് പെര്‍മിറ്റുകള്‍ ആഗസ്ത് 31ഓടെ തന്നെ പുതുക്കണമെന്നും മന്ത്രാലയം പ്രസാവനയില്‍ അറിയിച്ചു.
വിദേശികളുടെ വിസകള്‍ക്കുള്ള ഫീസ് നിരക്ക് കുറച്ച നടപടി ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒമാന്‍ ഭരണധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം വിസ ഫീസ് നിരക്കുകള്‍ കുത്തനെ കുറച്ചത്. തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള സ്വദേശിവല്‍ക്കരണ തോത് പൂര്‍ണമായി നടപ്പാക്കിയ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി 30 ശതമാനം ഫീസിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല