സ്വന്തം ലേഖകൻ: നിലവിലെ കാർഡ് അധിഷ്ഠിത പേമെന്റ് രീതിക്ക് പകരമായി കാർഡ് ടോക്കണൈസേഷൻ സേവനം (സി.ടി.എസ്) നൽകുന്നതിന് ബാങ്കുകൾക്കും പേമെന്റ് സേവനദാതാക്കൾക്കും ഒമാൻ സെൻട്രൽ ബാങ്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ബാങ്കുകളുടെയും പേമെന്റ് സേവനദാതാക്കളുടെയും സന്നദ്ധതയുടെ അടിസ്ഥാനത്തിലാകും തീരുമാനം നടപ്പാക്കുക. ടോക്കണൈസേഷന് എന്നത് യഥാര്‍ഥ കാര്‍ഡ് വിശദാംശങ്ങള്ക്കുപകരം ടോക്കണുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഡുകളില്‍ ഇടപാടുകള്‍ സാധ്യമാക്കുന്ന മാര്‍ഗമാണ്.
ഇവിടെ ഓരോ ഇടപാടിനും വ്യത്യസ്ത കോഡുകള്‍ ജനറേറ്റ് ചെയ്യപ്പെടും. ഒരിക്കല്‍ ജനറേറ്റ് ചെയ്ത കോഡ് മറ്റൊരു സന്ദര്‍ഭത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. തീരുമാനം നടപ്പിലാക്കുന്നതോടെ ആപ്പിൾ പേ, സാംസങ് പേ എന്നിവ പോലുള്ള അന്താരാഷ്ട്ര ഇലക്ട്രോണിക് പേമെന്റ് ആപ്ലിക്കേഷനുകൾക്ക് ഒമാനിൽ സേവനങ്ങൾ സജീവമാക്കാനാകും. സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽനിന്ന് ഒരു ഫീസും ഈടാക്കില്ല. സേവനം യാഥാർഥ്യമാക്കാൻ ആറ് മുതൽ ഒമ്പത് മാസം വരെ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സി.ടി.എസ് തടസ്സങ്ങളില്ലാത്ത പേമെന്റ് അനുഭവം ഉറപ്പാക്കുകയും കാർഡ് പേമെന്റ് ഇടപാടുകളിൽ സുരക്ഷ വർധിപ്പിക്കുകയും ദേശീയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിനെയും ഇ-കോമേഴ്സ് തന്ത്രത്തെയും പിന്തുണക്കുകയും ചെയ്യും. ഷോപ്പിങ് മാളുകൾ, കഫേകൾ, റസ്റ്റാറന്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ജ്വല്ലറി സ്റ്റോറുകൾ, ഇലക്ട്രോണിക് ഷോപ്പുകൾ, പലചരക്ക് കടകൾ, പച്ചക്കറികൾ, പഴങ്ങൾ വിൽക്കുന്നവർ, കെട്ടിട നിർമാണ സാമഗ്രികൾ, വ്യവസായ മേഖലകളിലെ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ രാജ്യത്ത് കഴിഞ്ഞ വർഷം ജനുവരി മുതൽ പണരഹിത പേമെന്റ് സ്കീം ഘട്ടംഘട്ടമായി നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ മൊബൈൽ വഴിയോ ഇന്റർനെറ്റ് വഴിയോ അക്കൗണ്ട്-ടു-അക്കൗണ്ട് കൈമാറ്റം പോലുള്ള പണരഹിത ഇടപാടുകളിലേക്ക് തിരിയുന്നു.
ഇത് സുൽത്താനേറ്റിൽ സമഗ്ര ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾക്ക് ഉത്തേജനം നൽകുന്നതാണ്. ഓൺലൈൻ റീട്ടെയിൽ ഇടപാടുകൾ (ഡയറക്ട് ക്രെഡിറ്റ് ആൻഡ് ഡയറക്ട് ഡെബിറ്റ്) സുൽത്താനേറ്റിൽ 2022ൽ 37.8 ശതമാനം വർധിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് 2023ൽ പറയുന്നു. 2021ലെ 199.2 ദശലക്ഷം ഇടപാടുകളിൽനിന്ന് കഴിഞ്ഞ വർഷമിത് 274.4 ദശലക്ഷത്തിലെത്തി. ചെക്ക് പേമെന്റുകളുടെ അളവ് കുറഞ്ഞിട്ടുണ്ട്. ഇത് പേപ്പർ അധിഷ്ഠിതത്തിൽനിന്ന് ഡിജിറ്റൽ ബദലുകളിലേക്കുള്ള നീക്കത്തെ സൂചിപ്പിക്കുന്നതാണെന്നും വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല