സ്വന്തം ലേഖകന്‍: ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മെയ് 3 മുതല്‍ ജൂലായ് 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ഈ കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
മലയാളികളടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നായി അരലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ ഒമാനിലുണ്ടെന്നാണ് എകദേശ കണക്ക്. രേഖകളില്ലാതെ അധികൃതരുടെ കണ്ണുവെട്ടിച്ച് കഴിയുന്ന ഈ വിഭാഗത്തിന് ആശ്വാസം നല്‍കുന്നതാണ് ഒമാന്‍ സര്‍ക്കാരിന്റെ ഈ നടപടി.
ഒമാനിലെ അനധികൃത താമസക്കാരില്‍ 40,000 പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. പാക്കിസ്ഥാനില്‍ നിന്ന് 4,000, ഇന്ത്യയില്‍ നിന്ന് 3,000 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ നില. ബാക്കിയുള്ളവര്‍ മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. മസ്‌കറ്റിലെ ബംഗ്ലാദേശ് എംബസിയുടെ കൈവശമുള്ള കണക്കു പ്രകാരമാണിത്.
പൊതുമാപ്പ് പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. കണക്കുകള്‍ അനൗദ്യോഗികമായാണ് പുറത്തുവിട്ടത്. ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് എംബസികള്‍ പൊതുമാപ്പിനുവേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
അതാത് എംബസികള്‍ വഴിയും എംബസികള്‍ അധികാരപ്പെടുത്തിയ വിവിധ സംഘടനകള്‍ വഴിയുമാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. അനധികൃത താമസക്കാര്‍ക്കായി റോയല്‍ ഒമാന്‍ പോലീസ് അടുത്തിടെ മിന്നല്‍ പരിശോധനകള്‍ വ്യാപകമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല