സ്വന്തം ലേഖകൻ: ഒമാനിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്ന സംഘങ്ങളെ പ്രതിരോധിക്കുന്നതിനുമായുള്ള നിയമം കർശനമാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
കള്ളപ്പണ ലോബികളെ നിയന്ത്രിക്കുന്നതിലൂടെ സുതാര്യമായ ബിസിനസ്-സാമ്പത്തിക അന്തരീക്ഷമാണ് ഒമാൻ അധികൃതർ ലക്ഷ്യം വെക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ഫണ്ടിങ്ങിനുമെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന രീതിയിലാണ് നിയമം നിർമിച്ചിട്ടുള്ളത്.
കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി 2020ൽ പ്രത്യേക വകുപ്പ് രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം കമ്പനിയുടെ ഓഹരികളിൽ കുറഞ്ഞത് 25 ശതമാനമെങ്കിലും കൈവശമുള്ള പങ്കാളികളുടെയോ ഓഹരി ഉടമകളുടെയോ ഡേറ്റ രേഖപ്പെടുത്തുന്ന ഗുണഭോക്തൃ രജിസ്റ്റർ ഉണ്ടാക്കാൻ നിയമം നിർദേശിക്കുന്നു.
വാണിജ്യ കമ്പനികളുടെ ഈ രജിസ്റ്റർ പ്രകാരമുള്ള വ്യക്തികളാണ് യഥാർഥ ഗുണഭോക്താവായി നിർവചിക്കപ്പെടുക.ബിസിനസ് മേഖലയിൽ സുതാര്യതയും എളുപ്പവും രൂപപ്പെടുത്തുന്നതിനായാണ് പുതിയ നിയമ പരിഷ്കരണം കൊണ്ടുവന്നിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല