സ്വന്തം ലേഖകൻ: അടുത്ത മാസം ഒന്നുമുതൽ ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന അനുമതി ലഭിച്ചെങ്കിലും കേരളത്തിൽനിന്ന് വിമാന ടിക്കറ്റുകൾ കിട്ടാനില്ല. ലഭ്യമുള്ള ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
താരതമ്യേന നിരക്ക് കുറഞ്ഞ എയർ ഇന്ത്യ എക്സ്പ്രസിന് പോലും അടുത്ത മാസം ഒരുഭാഗത്തേക്ക് 120 റിയാലിന് മുകളിലാണ് കുറഞ്ഞ നിരക്ക്. അതോടൊപ്പം സെപ്റ്റംബർ 13 വരെ എയർ ഇന്ത്യ എക്സ്പ്രസിൽ സീറ്റ് കിട്ടാനുമില്ല. കൊച്ചിയിൽനിന്ന് ആഴ്ചയിൽ മൂന്ന് സർവിസുകൾ നടത്തുന്ന ഒമാൻ എയറും കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തു നിന്നും സർവിസ് നടത്തുന്ന സലാം എയറും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.
മാത്രമല്ല, ഇവയിലൊന്നും ആദ്യ ആഴ്ചകളിൽ സീറ്റുമില്ല. ഇന്ത്യയിൽ നിന്നുള്ള എല്ലാ സെക്ടറുകളിലെയും നിരക്കുകൾ കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. നീണ്ട കാലം ജോലിയും വരുമാനവുമില്ലാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഈ ഉയർന്ന നിരക്ക് വലിയ തിരിച്ചടിയാവുകയാണ്.
നാലു മാസത്തോളം നീണ്ട യാത്രവിലക്കിനൊടുവിൽ സെപ്റ്റംബർ ഒന്നിന് ഒമാനിലേക്കുള്ള മടക്കയാത്രക്ക് വഴി തെളിയുേമ്പാൾ ആശങ്കയുടെ കൊടുമുടിയിലാണ് കോവാക്സിൻ സ്വീകരിച്ച പ്രവാസികൾ. ഒമാൻ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ കോവാക്സിൻ ഇല്ലാത്തതാണ് ഇവരെ പ്രയാസത്തിലാക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളും കോവാക്സിൻ അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ മുതൽ നാട്ടിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളാണ് കോവാക്സിൻ സ്വീകരിച്ചിട്ടുള്ളത്. ഇവരിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവർ മുതൽ ബിസിനസുകാർ വരെയുണ്ട്. ഒമാനിലേക്കു മടങ്ങാൻ എന്തു ചെയ്യണമെന്നറിയാതെ ഇവരെല്ലാവരും അക്ഷരാർഥത്തിൽ പെരുവഴിയിലാണ്. വൈകാതെതന്നെ വിസ റദ്ദാകുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഇന്ത്യയിൽ ലഭ്യമായ വാക്സിനുകളിൽ കോവിഷീൽഡ്, സ്പുട്നിക് എന്നിവക്കു മാത്രമാണ് ഒമാനിൽ അംഗീകാരമുള്ളത്. വാക്സിനേഷൻ വിവരങ്ങളടങ്ങിയ ക്യു.ആർ കോഡ് ഉള്ള സർട്ടിഫിക്കറ്റുകൾ ഒമാനിലേക്ക് വരുന്നവരുടെ കൈവശം ഉണ്ടാകണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കോവാക്സിൻ എടുത്തവർ പരിഹാരമാർഗം തേടി ജില്ല മെഡിക്കൽ ഓഫിസർ അടക്കം ആരോഗ്യവകുപ്പിലെ ഉന്നതരെ സമീപിച്ചെങ്കിലും കൈമലർത്തുകയാണ്. ഒരു ഡോസ് എടുത്തവർക്ക് അതേ വാക്സിൻതന്നെ രണ്ടാം ഡോസായി നൽകാനാണ് ആരോഗ്യവകുപ്പിെൻറ നിർദേശം. രണ്ടു ഡോസ് എടുത്തവർക്കാകട്ടെ മറ്റൊരു കമ്പനിയുടെ വാക്സിൻ നൽകുന്നതു സംബന്ധിച്ച് പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്.
എന്നാൽ, യു.എ.ഇ അടക്കം പല രാജ്യങ്ങളും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നിശ്ചിത മാസങ്ങൾക്കുശേഷം മറ്റൊരു കമ്പനിയുടെ വാക്സിൻ എടുക്കാൻ അനുമതി നൽകുന്നുണ്ട്. രാജ്യത്ത് അംഗീകാരമില്ലാത്ത സിനോഫാം, സിനോവാക്, സ്പുട്നിക് വാക്സിനുകൾ സ്വീകരിച്ചവർക്ക് അംഗീകാരമുള്ള ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിെൻറ അധിക ഡോസ് സ്വീകരിച്ച് രാജ്യത്തേക്കു വരാമെന്ന് കഴിഞ്ഞയാഴ്ച കുവൈത്ത് അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല