![](https://www.nrimalayalee.com/wp-content/uploads/2021/06/Oman-Vaccination-Government-Offices.jpg)
സ്വന്തം ലേഖകൻ: ഒമാനില്‍ ഇതിനകം 80 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 16 ലക്ഷത്തിലേറെ പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. ജനസംഖ്യയുടെ ഏകദേശം 50 ശതമാനത്തോളം വരുമിത്. വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് സമൂഹത്തിലെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഒമാനിലെ ഗര്‍ഭിണികള്‍ക്കിടയില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു. അമ്മമാരാവാന്‍ പോകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്‍കൂര്‍ അപ്പോയിന്‍മെന്റ് എടുക്കാതെ ഒമാന്‍ കണ്‍വെന്‍ഷന്‍ എക്‌സിബിഷന്‍ സെന്ററിലെത്തി വാക്‌സിന്‍ സ്വീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു മണി വരെയായിരിത്തും വാക്‌സിന്‍ നല്‍കുക.
അതേസമയം, 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഉടന്‍ തന്നെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ഒമാന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ഗവര്‍ണറേറ്റുകളിലെയും ഈ പ്രായത്തിലുള്ളവരെ കൂടി വാക്‌സിനെടുക്കേണ്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി. സ്‌കൂളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളിലെ വാക്‌സിനേഷന്‍ വളരെ പ്രധാനമാണെന്നും അധികൃതര്‍ അറിയിച്ചു. വാക്‌സിന്റെ അധിക ഡോസുകള്‍ എത്തുന്ന മുറയ്ക്കാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിക്കുക.
സപ്തംബര്‍ ഒന്നു മുതല്‍ രാജ്യത്തെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്നും മന്ത്രാലയം വക്താവ് വ്യക്തമാക്കി. അന്നേ ദിവസം മുതല്‍ രാജ്യത്തെ മാളുകള്‍, റസ്റ്റൊറന്റുകള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങി പൊതു ഇടങ്ങളിലെ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് വ്യവസ്ഥ ചെയ്തതിനെ തുടര്‍ന്നാണ് എല്ലാവരും കൂട്ടമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തുന്നത്. അതിനിടെ, പ്രവാസി ജീവനക്കാര്‍ക്ക് അവരുടെ താമസ കേന്ദ്രങ്ങളിലോ ജോലി സ്ഥലങ്ങളിലെ വാക്‌സിന്‍ നല്‍കുന്നത് തുടരമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല