സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്നും പോസിറ്റിവ് കേസുകൾ ഇപ്പോഴും താഴ്ന്ന നിലയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് മഹാമാരിയുടെ പുതിയ വകഭേദം കണ്ടെത്തിയെന്ന സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണ പശ്ചാത്തലത്തിലാണ് മന്ത്രാലയം ട്വിറ്ററിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്.
ശൈത്യകാലമായതിനാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണമാണ്. ഇത്തരം വൈറസ്മൂലമുണ്ടാകുന്ന രോഗങ്ങൾ വർധിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽനിന്നും പനികളിൽനിന്നും കുടുംബത്തെയും മറ്റും സംരക്ഷിക്കാൻ കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, പകർച്ചപ്പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുടെ വൈറസുകളുടെ വ്യാപനത്തിനും മറ്റും ശീതകാലം അനുയോജ്യമായ സമയമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡിസീസ് കൺട്രോളിലെ അണുബാധകളുടെയും പ്രതിരോധശേഷിയുടെയും കൺസൾട്ടന്റായ ഡോ. അബ്ദുല്ല അൽ ഖയുദി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ചെറിയ തോതിൽ കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയെന്നുള്ള പ്രചാരണം തെറ്റാണ്.
രാജ്യത്ത് നിലവിൽ കണ്ടുകൊണ്ടിരിക്കുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ജലദോഷത്തിന്റെയും പകർച്ചപ്പനിയുടേയും ഭാഗമാണ്. വായുസഞ്ചാരമില്ലാത്ത ഇടങ്ങളിലാണ് ഇത്തരം വൈറസുകൾ വേഗത്തിൽ പടരുന്നത്.
ജലദോഷത്തിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമേ ഉള്ളൂവെങ്കിൽ, ഫാർമസികളിൽ മരുന്നുകളും മറ്റും വാങ്ങി കഴിക്കണം. എന്നാൽ, കഠിനമായ ശ്വാസകോശ ലക്ഷണങ്ങളും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടാകുകയാണെങ്കിൽ മെഡിക്കൽ സംഘത്തിന്റെ പരിശോധനക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോകണം.
കുട്ടികളിൽ ഇത്തരം രോഗങ്ങൾ പടരുന്നത് പലപ്പോഴും സ്കൂളുകളിൽനിന്നും നഴ്സറികളിൽനിന്നുമാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ വൈറൽ അണുബാധക്ക് കൂടുതൽ സാധ്യതയുണ്ട്. അവരുടെ രോഗപ്രതിരോധ സംവിധാനങ്ങൾ വികസിക്കുന്ന പ്രക്രിയയിലാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല