1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2022

സ്വന്തം ലേഖകൻ: താമസ കെട്ടിടങ്ങളിൽനിന്നും മറ്റും മലിനജലം റോഡിലോ പൊതു സ്ഥലങ്ങളിലേക്കോ മറ്റു താമസ ഇടങ്ങളിലേക്കോ ഒഴുക്കിയാൽ ശിക്ഷ നടപടികൾ നേരിടേണ്ടി വരുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ റോഡും പരിസരവും വൃത്തികേടാക്കുന്നവർ ഒന്നാംഘട്ടത്തിൽ 200 റിയാൽ പിഴ അടക്കേണ്ടി വരും. മാലിന്യ പൈപ്പുകളും മറ്റും കേടുപാടുകൾ തീർക്കുന്നതിന് ഒരു ദിവസത്തെ സമയമാണ് മുനിസിപ്പാലിറ്റി നൽകിയിരിക്കുന്നത്.

ചില ഇടങ്ങളിൽ മാലിന്യ പൈപ്പുകൾ പൊട്ടുകയോ കേട് വരുകയോ ചെയ്യുകയും മലിനജലം പുറത്തേക്ക് ഒഴുകുകയും ചെയ്യാറുണ്ട്. ഇതിൽനിന്ന് പുറത്തുവരുന്ന ദുർഗന്ധവും മറ്റും താമസക്കാർക്കും യാത്രക്കാർക്കും വലിയ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. ചില അവസരങ്ങൾ കെട്ടിട ഉടമയോ താമസക്കാരോ മുൻകൈ എടുക്കാത്തതിന്‍റെ പേരിൽ റോഡുകളും പൊതുസ്ഥലവും ദിവസങ്ങളോളം മലിനമായി കിടക്കാറുണ്ട്. പുതിയ നിയമം നടപ്പാവുന്നതോടെ നഗരസൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം മാലിന്യം അപ്രത്യക്ഷമാവും.

-ചില ഭാഗങ്ങളിൽ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഗട്ടറുകളും മറ്റും കവിഞ്ഞൊഴുകി മാലിന്യം പൊതുവഴിയിൽ ഒഴുക്കുന്നതും നടപടി കർശനമാവുന്നതോടെ നിലക്കും.നഗരങ്ങളിലും മറ്റും മാലിന്യം പെട്ടികൾക്ക് പുറത്ത് നിക്ഷേപിക്കുന്ന പ്രവണതയും വർധിക്കുന്നുണ്ട്. റൂവിയിലെ സി.ബി.ഡി, എം.ബി.ഡി അടക്കമുള്ള മേഖലകളിൽ ഭൂഗർഭ മാലിന്യ പെട്ടികളാണുള്ളത്.

മാലിന്യത്തിന്‍റെ ദുർഗന്ധവും മറ്റും പൊതുജനങ്ങൾക്ക് അനുഭവപ്പെടാത്ത രീതിയിലുള്ള സംവിധാനമാണിത്. താമസക്കാരും മറ്റും പെട്ടിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പകരം പുറത്ത് കൊണ്ടുവന്നിടുകയാണ് ചെയ്യുന്നത്. പെട്ടികൾക്ക് ചുറ്റുമുള്ള തുറന്ന ഇടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പൂച്ചകളും പട്ടികളും സഞ്ചികൾ കീറുന്നതിന് ഇടയാക്കും. ഇത് മാലിന്യം കൈകാര്യം ചെയ്യുന്ന മുനിസിപ്പാലിറ്റി ജീവനക്കാർക്കും ഏറെ പ്രയാസമുണ്ടാക്കും. നിയമലംഘനം വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർ ഇതിനെതിരെയും നടപടികൾ സ്വീകരിച്ചേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.