സ്വന്തം ലേഖകൻ: ഒമാനില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ചുള്ള പ്രചാരണങ്ങളില്‍ കൃത്യത വരുത്തി റോയല്‍ ഒമാന്‍ പൊലീസ്. പ്രവാസികളുടെ റസിഡന്റ് കാര്‍ഡ് (വീസ) മാറുന്നതിലൂടെ ഡ്രൈവിങ് ലൈസന്‍സ് കാലഹരണപ്പെടില്ലെന്നും ലൈസന്‍സ് കാലാവധിയുള്ള കാലത്തോളം ഇത് ഉപയോഗിക്കാനാകുമെന്നും പൊലീസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചു.
റസിഡന്‍സി സ്റ്റാറ്റസ് മാറിയിട്ടുള്ളവര്‍ ഇത് സംബന്ധമായ വിവരങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് വിഭാഗത്തിലൂടെ പുതുക്കണം. ഡ്രൈവിങ് ലൈസന്‍സ് പുതിയ റസിഡന്‍സ് പെര്‍മിറ്റിലേക്ക് എളുപ്പത്തില്‍ മാറ്റാൻ സാധിക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ആറ് മാസത്തില്‍ കൂടുതല്‍ പ്രവാസി ഒമാനില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കില്‍ റസിഡന്റ്‌സ് പെര്‍മിറ്റ് സ്വമേധയാ റദ്ദാക്കപ്പെടും.
പക്ഷെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കപ്പെടില്ല. ഒമാനിലെ ഡ്രൈവിങ് ലൈസന്‍സ് പ്രവാസികളുടെ സിവില്‍ നമ്പറുമായും കമ്പനിയുടെയോ സ്‌പോണ്‍സറുടെയോ വാണിജ്യ രജിസ്‌ട്രേഷനുമായും ബന്ധിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, ലൈസന്‍സ് കാലാവധി പുതുക്കുന്നതിന് വിദേശികള്‍ക്ക് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ടതില്ലെന്നും റോയല്‍ ഒമാന്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
പ്രവാസി രാജ്യം വിട്ടാല്‍ അയാളുടെ ഡ്രൈവിങ് ലൈസന്‍സിന്‍മേലുള്ള മുഴുവന്‍ പിഴകള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും സ്‌പോണ്‍സറോ കമ്പനിയോ ഉത്തരവാദികളായിരിക്കുമെന്നും നേരത്തെ സ്ഥിരീകരിക്കാത്ത സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് തെറ്റാണെന്നും ആര്‍ ഒ പി വ്യക്തമാക്കി.
ലൈസന്‍സിലെ പിഴയും മറ്റു കുടിശ്ശികകളും തീര്‍ക്കാതെ ഒരാള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. അതിനാല്‍ തന്നെ, പണം നല്‍കാതെ രാജ്യം വിടുന്നതിനെ കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല