സ്വന്തം ലേഖകൻ: ഇലക്ട്രിക് കാറുകൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലെത്തിക്കാൻ ഇൻസെൻറിവ് സർക്കാർ പരിഗണനയിൽ. കാർബൺഡയോക്സൈഡിന്റെ അളവ് കുറക്കൽ പദ്ധതിയുടെ ഭാഗമാണിത്. ഒമാനിൽ നടക്കുന്ന ഗ്രീൻ ഹൈഡ്രജൻ സമ്മേളനത്തിൽ ഒമാൻ ഊർജ ഖനി മന്ത്രി സാലിം ബിൻ നാസർ അൽ ഔഫി നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് ഇതുസംബന്ധമായ പ്രഖ്യാപനമുണ്ടായത്.
ഉയർന്ന വിലയും ബാറ്ററികൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യക്കുറവുമാണ് ഇലക്ട്രിക് വാഹനരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന് മന്ത്രി പറഞ്ഞു. അതിനാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാനും നടപടികൾ പുരോഗമിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടുതലാണ്. അതിനാൽ സാധാരണ ജനങ്ങൾക്ക് താങ്ങാവുന്ന ഇലക്ട്രിക് കാറുകൾ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. സാധാരണ ജനങ്ങൾക്ക് വാങ്ങാൻ കഴിയാത്ത ഉയർന്ന വിലയുള്ള കാറുകൾക്ക് ഇൻസെൻറിവ് നൽകുന്നതിൽ അർഥമില്ല. എല്ലാവർക്കും വാങ്ങാൻ കഴിയുന്ന കാറുകൾ കണ്ടെത്തി ഇൻസെൻറിവ് നൽകുകയാണ് സർക്കാറിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് കാറുകൾക്ക് സ്വീകാര്യത ലഭിക്കണമെങ്കിൽ ജനങ്ങൾക്ക് സൗകര്യപ്രദമായതും പെട്ടെന്ന് എത്തിപ്പെടാൻ കഴിയുന്നതുമായ ചാർജിങ് സ്റ്റേഷനുകൾ ആവശ്യമാണെന്ന് അന്താരാഷ്ട്ര എനർജി ഏജൻസി നിർദേശിക്കുന്നുണ്ട്. ഈ വെല്ലുവിളി രാജ്യം ഏറ്റെടുക്കുന്നുണ്ടെന്നും ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ചാർജിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മസ്കത്തിൽനിന്ന് സലാലയിലേക്കും സലാലയിൽനിന്ന് തിരിച്ചും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ അഭാവത്തെക്കുറിച്ച് പേടിക്കാതെ വാഹനം ഓടിക്കാൻ കഴിയുന്ന അവസ്ഥയുണ്ടാകണമെന്നാണ് ഒമാൻ ആഗ്രഹിക്കുന്നത്.ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിലുള്ള ചാർജിങ് സ്റ്റേഷനുകൾ രാജ്യത്തുടനീളം സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സ്ഥാപനങ്ങൾ, ബാറ്ററി മാറ്റാനുള്ള സൗകര്യങ്ങൾ എന്നിവ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല