സ്വന്തം ലേഖകൻ: കഴിഞ്ഞ ചൂടുകാലത്ത് വൈദ്യുതി ബില്ലുകൾ കുത്തനെ ഉയർന്നതിന് വിശദീകരണവുമായി ഇലക്ട്രിസിറ്റി സംയോജിത കമ്പനിയായ നാമ രംഗത്ത്. ചൂടു കാലത്ത് വൈദ്യുതി ബില്ലുകൾ കുത്തനെ വർധിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം ഉയർത്തുന്നതിൽ സ്വദേശികളാണ് മുന്നിലുള്ളത്. അതിനിടെ ഓരോ ഉപഭോക്താവും അവരുടെ രണ്ട് അക്കൗണ്ടുകളിലേക്ക് സർക്കാർ സബ്സിഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നാമ അറിച്ചു.
ദേശീയ ഇലക്ട്രിസിറ്റി സബ്സിഡി പ്രോഗ്രാം അനുസരിച്ച് ഓരോ ഉപഭോക്താവിനും അവരുടെ അടിസ്ഥാന നിരക്കിന്റെ 30 ശതമാനമാണ് സബ്സിഡിയായി ലഭിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. എന്നാൽ കഴിഞ്ഞ ജൂൺ, ജൂലൈ, ആഗസ്റ്റ് കാലത്ത് പലർക്കും ഞെട്ടിക്കുന്ന വൈദ്യുതി ബില്ലുകളാണ് വന്നത്. വിദേശികളും സ്വദേശികളും ബില്ല് കണ്ട് ഞെട്ടിയിരുന്നു. പലർക്കും സാധാരണ മാസങ്ങളേക്കാൾ മൂന്നിരട്ടിയും നാലിരട്ടിയും ബില്ല് വന്നിരുന്നു. ഇതോടെ സ്വദേശികൾ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.
വിദേശികൾ പ്രതിഷേധ മുയർത്തിയിരുന്നില്ലെങ്കിലും ഉയർന്ന ബില്ല് വന്നതോടെ പലരും വൈദ്യുതി ഉപഭോഗം കുറക്കാൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുറഞ്ഞ വരുമാനക്കാരായ ചിലർ കുടുംബത്തെ നാട്ടിലയക്കുകയും ചെയ്തിരുന്നു. ഇത്തരക്കാർക്ക് ശമ്പളത്തിന്റെ വലിയ ഭാഗം വൈദ്യുതി ബില്ലുകൾക്കായി ഉപയോഗിക്കേണ്ടിവരുന്നത് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഒമാനിൽ കുടുംബ വിസ നിയമങ്ങൾ ഇളവ് വരുത്തിയതോടെ നിരവധി കുറഞ്ഞ വരുമാനക്കാരാണ് കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവന്നത്. ഇവയിൽ അധികവും ബംഗ്ലാദേശ് സ്വദേശികളാണ്.
കുടുംബവിസക്കുള്ള മാസവരുമാന പരിധി കുറഞ്ഞതാണ് പലർക്കും അനുഗ്രഹമായത്. എന്നാൽ വൈദ്യുതി ബിൽ അടക്കമുള്ള കാരണം മൂലമുണ്ടാവുന്ന ഉയർന്ന ജീവിതെച്ചലവ് ഇവർക്ക് പ്രതിസന്ധി ഉയർത്തുകയാണ്. ഒമാനിൽ സ്വദേശികൾക്ക് മാത്രമാണ് വൈദ്യുതി സബ്സിഡി ഉള്ളത്. ഇതിനാൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വൈദ്യുതി ബിൽ വൻ തോതിൽ കൂടുകയാണ്. ഈ മാസങ്ങളിൽ അതികഠിനമായ ചൂട് അനുഭവപ്പെടുന്നതിനാൽ ദിവസത്തിൽ മുഴുവൻ സമയവും എയർ കണ്ടീഷനറുകൾ ഉപയോഗിക്കേണ്ടിവരുന്നുണ്ട്.
അതിനാൽ ഈ മാസങ്ങളിൽ വളരെ ഉയർന്ന വൈദ്യുതി ബില്ലാണ് വരുന്നത്. ഇതാണ് പല ഉപഭോക്താക്കൾക്കും വിനയാകുന്നത്. എന്നാൽ നാമയുടെ പ്രതികരണ പ്രകാരം സ്വദേശികളുടെ രണ്ട് വൈദ്യുതി അക്കൗണ്ടുകൾക്ക് സബ്സിഡി ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതനുസരിച്ച് ഈ വിഭാഗത്തിന്റെ നിരക്ക് കുറയുകയും ചെയ്യും. ബാക്കി വരുന്നവർക്കെല്ലാം ഉയർന്ന നിരക്കുതന്നെയാകും ഉണ്ടാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല