![](https://www.nrimalayalee.com/wp-content/uploads/2021/09/Oman-House-Purchase-Foreigners.jpg)
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശികൾക്ക് ഫ്ലാറ്റുകൾ പാട്ട വ്യവസ്ഥയിൽ സ്വന്തമാക്കാനുള്ള തീരുമാനത്തിൽ കൂടുതൽ വ്യക്തതയുമായി ഭവന-നഗര വികസന മന്ത്രാലയം. ബഹുനില താമസ-വാണിജ്യ െകട്ടിടങ്ങളിൽ വിദേശികൾ വാങ്ങുന്ന ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശം അവർ തൊഴിൽ വിസ കാലാവധി കഴിഞ്ഞ് ഒമാനിൽ നിന്ന് മടങ്ങിയാലും നിലനിൽക്കുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇവർക്ക് ഒരു നിയമസ്ഥാപനമോ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനമോ മറ്റോ മുഖേന ഈ വസ്തുവാടകക്ക് നൽകാനും മറ്റും സാധിക്കും. ഇങ്ങനെ വസ്തുക്കൾ വാങ്ങുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. മസ്കത്തിൽ അമിറാത്ത്, ബോഷർ, സീബ് വിലായത്തുകളിലെ നിശ്ചിത മേഖലകളിൽ മാത്രമാണ് വിദേശികൾക്ക് വസ്തുവകകൾ വാങ്ങാൻ അനുമതിയുള്ളൂ. അമ്പതു വർഷത്തെ പാട്ടം പിന്നീട് 99 വർഷം വരെ നീട്ടാൻ കഴിയും.
കുറഞ്ഞത് നാലു നിലകളുള്ള കെട്ടിടങ്ങളിലെ ഫ്ലാറ്റുകൾ മാത്രമാണ് വിദേശികൾക്ക് വിൽപന നടത്താൻ അനുമതിയുള്ളൂ. നാലു വർഷത്തിൽ താഴെ പഴക്കം മാത്രമാണ് ഉണ്ടാകാൻ പാടുള്ളൂ. എല്ലാ സൗകര്യങ്ങളോടെയുമുള്ള രണ്ടു മുറികൾ ഉണ്ടായിരിക്കണം. ഒരു കെട്ടിടത്തിലെ പരമാവധി 40 ശതമാനം ഫ്ലാറ്റുകളാണ് ഇങ്ങനെ വിൽപന നടത്താൻ പാടുള്ളൂ. ഒരു രാജ്യക്കാർക്ക് ഒരു കെട്ടിടത്തിലെ പരമാവധി 20 ശതമാനം ഫ്ലാറ്റുകൾ മാത്രമാണ് വിൽപന നടത്താൻ കഴിയുകയുള്ളൂ.
പാട്ടക്കരാർ വ്യവസ്ഥയിൽ ഫ്ലാറ്റുകൾ വിൽപന നടത്തുന്നവർ മൂന്നു ശതമാനവും വാങ്ങുന്നവർ അഞ്ചു ശതമാനം ഫീസും നൽകണം. ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശം അടുത്ത ബന്ധുക്കളുമായി പങ്കുവെക്കാം. ആവശ്യമെങ്കിൽ ഫ്ലാറ്റ് പണയം വെച്ച് വായ്പയെടുക്കാവുന്നതാണ്. വാങ്ങി നാലു വർഷത്തിനു ശേഷം മാത്രമാണ് വിൽപന നടത്താൻ സാധിക്കുകയുള്ളൂ.
ഉടമസ്ഥാവകാശം അടുത്ത ബന്ധുക്കൾക്ക് കൈമാറാനും കഴിയും. ഒമാനിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് വിദേശികൾക്ക് വസ്തുവകകൾ സ്വന്തം പേരിൽ വാങ്ങുന്നതിനായുള്ള അനുമതി സർക്കാർ നൽകിയത്. സമ്പദ്ഘടനയിൽ റിയൽ എസ്റ്റേറ്റ് മേഖലയുടെ പങ്കാളിത്തം ഉയർത്തുകയും തീരുമാനത്തിെൻറ ലക്ഷ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല