സ്വന്തം ലേഖകൻ: പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ വിദേശ നിക്ഷേപകർ തങ്ങളുടെ വാണിജ്യസംരംഭങ്ങളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന പുതിയ നയം നടപ്പാക്കാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒരുങ്ങുന്നു.
ഈ വരുന്ന ഏപ്രിൽ മുതൽ സ്വദേശി ജീവനക്കാരെ നിയമിച്ചുതുടങ്ങണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. വിദേശ നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷൻ ഫീസ് കുറക്കാനും അവരെ ഒമാനി നിക്ഷേപകനായി കണക്കാക്കാനുമുള്ള മന്ത്രിമാരുടെ കൗൺസിൽ തീരുമാനം നടപ്പാക്കിയതിനെ തുടർന്നാണ് ഈ തീരുമാനം.
വിദേശ നിക്ഷേപകർ ഒമാനിൽ തങ്ങളുടെ വാണിജ്യ രജിസ്ട്രി സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ ഒരു ഒമാനി പൗരനെ നിയമിക്കുകയും അവരെ സോഷ്യൽ ഇൻഷുറൻസിന്റെ ജനറൽ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുകയും വേണമെന്ന് പുതിയ ഉത്തരവ് വ്യക്തമാക്കുന്നു. ‘ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമി’ൽ ഈ വരുന്ന ഏപ്രിൽ ഒന്നുമുതൽ ഇക്കാര്യം മന്ത്രാലയം നടപ്പാക്കും.
സ്ഥാപിതമായി ഒരു വർഷത്തിനുശേഷവും തൊഴിൽ ആവശ്യകതകൾ കമ്പനികൾ പാലിച്ചിട്ടില്ലെങ്കിൽ വിദേശ നിക്ഷേപക കമ്പനികൾക്കുള്ള ഇടപാടുകൾ നിരോധിക്കും. കമ്പനികൾക്ക് അവരുടെ കാര്യങ്ങൾ ശരിയാക്കാൻ 30 ദിവസത്തെ സമയം നൽകും. ഇതിനുശേഷവും പരിഹരിച്ചിട്ടില്ലെങ്കിൽ അറിയിപ്പുകളും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ നിരീക്ഷണവും നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
നിക്ഷേപകർ നേരിടുന്ന വെല്ലുവിളികൾ നീക്കി, ഒമാനിലെ നിക്ഷേപ അന്തരീക്ഷത്തിന്റെ ആകർഷണീയത വർധിപ്പിക്കാൻ മന്ത്രാലയം നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയത്തിലെ ഇൻവെസ്റ്റ്മെൻറ് സർവിസസ് സെൻറർ ഡയറക്ടർ ജനറൽ എൻജിനീയർ അമ്മാർ ബിൻ സുലൈമാൻ അൽ ഖറൂസി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല