സ്വന്തം ലേഖകൻ: ഇന്ത്യയിലെ വിവിധ സാമ്പത്തിക മേഖലകളിലെ നിരവധി വ്യവസായികൾ, നിക്ഷേപകർ, കമ്പനികളുടെ പ്രതിനിധികൾ എന്നിവരുമായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ചർച്ച നടത്തി. ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ബുസൈദി.
കൂടിക്കാഴ്ചയിൽ, വ്യാപാര, നിക്ഷേപ ബന്ധങ്ങളെക്കുറിച്ചും നിലവിലുള്ള ഒമാനി-ഇന്ത്യൻ പങ്കാളിത്തത്തെക്കുറിച്ചും ചർച്ചചെയ്തു. ഒമാനിൽ ലഭ്യമായ നിക്ഷേപ അവസരങ്ങളും ബിസിനസ് ഉടമകൾക്ക് കിട്ടുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും അവലോകനം ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, വിവരസാങ്കേതികവിദ്യ, ഡിജിറ്റൽ പരിവർത്തനം, പുനരുപയോഗ ഊർജം എന്നീ മേഖലകളിലെ പങ്കാളിത്ത സാധ്യതകളും യോഗം ചർച്ച ചെയ്തു.
ജി20 അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആശംസകൾ കൈമാറി. കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുല്‍ത്താന്റെ അഭിനന്ദനങ്ങൾ കൈമാറിയത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് ബുസൈദിയെ സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല