1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2024

സ്വന്തം ലേഖകൻ: ഒമാനില്‍ വാഹന ഉടമകള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനകാര്യ മന്ത്രി സുല്‍ത്താന്‍ സാലിം അല്‍ ഹബ്‌സി. ഇന്ധനവില വര്‍ധന നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്നും 2024ലും നിലവിലെ നിരക്ക് തന്നെ തുടരുമെന്നും വാര്‍ഷിക ബജറ്റ് വിശദാംശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. 2021 ഒക്ടോബറിലെ നിരക്കാണ് ഒമാനില്‍ നിലവില്‍ ഈടാക്കുന്നത്.

വില വര്‍ധന നിയന്ത്രിച്ചുകൊണ്ട് 2022ല്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിറക്കിയിതോടെയാണ് വില സ്ഥിരപ്പെട്ടത്. 2023ലും വില വര്‍ധനവുണ്ടാകില്ലെന്ന് സുല്‍ത്താന്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഒമാനില്‍ ഇന്ധന വില വര്‍ധനവില്ലാതെ കഴിഞ്ഞുപോകുന്നത്.

അതേസമയം, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്കുയരുകയും അനുസൃതമായി ഇതര ഗള്‍ഫ് നാടുകളിലടക്കം ഇന്ധന വില കൂടുകയും ചെയ്യുമ്പോഴും ഒമാനിലെ ഇന്ധനവിലയിലെ സ്ഥിരത വാഹന ഉടമകള്‍ക്ക് ആശ്വാസകരമാണ്. ഡ്രൈവര്‍മാര്‍ക്ക് അനുകൂലമാണ് നിലവിലെ സാഹചര്യം. ക്രൂഡ് ഓയില്‍ നിരക്കിലുണ്ടാകുന്ന വര്‍ധനവ് ഒമാന്റെ വരുമാനം വര്‍ധിപ്പിക്കുകയും വിപണിക്ക് ഗുണകരമാവുകയും ചെയ്യുന്നു. ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു. മേഖലയിലെ ഏറ്റവും കുറഞ്ഞ ഇന്ധന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് നിലവില്‍ സുല്‍ത്താനേറ്റ്.

രാജകീയ ഉത്തരവ് പ്രകാരം, 2021 ഒക്ടോബറിലെ തോത് ആണ് രാജ്യത്തെ പരമാവധി ഇന്ധന വില. നിലവിലെ നിരക്കു പ്രകാരം എം91 പെട്രോളിന് 229 ബൈസയും എം95ന് 239 ബൈസയും ഡീസലിന് 258 ബൈസയുമായിരിക്കും ഉയര്‍ന്ന നിരക്ക്. അധികം വരുന്ന വില മാറ്റത്തിന് സര്‍ക്കാര്‍ ആണ് പണം നല്‍കുന്നത്. ഇതര ഗള്‍ഫ് നാടുകളെ അപേക്ഷിച്ച് ഒമാനിലെ ഇന്ധന കേന്ദ്രങ്ങള്‍ ഈടാക്കുന്നത് കുറഞ്ഞ നിരക്ക് മാത്രമാണ്. അയല്‍ രാജ്യങ്ങളില്‍ ഒമാനിലെ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയോളം അധികമാണ് ഇന്ധന നിരക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.