സ്വന്തം ലേഖകൻ: 2021ൽ ഒമാനിലെ പൊതു ആരോഗ്യമേഖലയിൽ ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. ദേശീയസ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. ഫിസിഷ്യന്മാരുടെ എണ്ണത്തിൽ 33.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഡെന്റിസ്റ്റുകളുടെ എണ്ണത്തിൽ 75 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. 2019ൽ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ 9,602 ഫിസിഷ്യന്മാർ ആണ് ഉണ്ടായിരുന്നത്. ഇതാണ് 2021 ലെ കണക്കിൽ 6,409 ആയി കുറഞ്ഞിരിക്കുന്നത്.
2019ൽ 1,494 ഡെന്റിസ്റ്റുകൾ ആണ് പൊതു ആരോഗ്യ മേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ 2021ൽ 359ആയി കുറഞ്ഞു. 75.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ നഴ്സുകളുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. 21.6 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. 2019 ലെ കണക്കുകളും 2021ലെ കണക്കുകളും നോക്കുമ്പോൾ 4,399 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2021ൽ ആകെ15,924 നഴ്സുമാർ ആണ് ഉള്ളത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തെ ആരോഗ്യ മന്ത്രാലയം, എസ്.ക്യു.യു.എച്ച്, പി.ഡി.ഒ, ദിവാൻ ഓഫ് റോയൽ കോർട്ട്, റോയൽ ഒമാൻ പൊലീസ്, എന്നിവയുടെ കീഴിൽ ജോലി ചെയ്യുന്ന മെഡിക്കൽ ജീവനക്കാരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ദേശീയസ്ഥിതി വിവരകേന്ദ്രം റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇവരെ കൂടാതെ ഫാർമസിസ്റ്റുകളുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. 2019നെ അപേക്ഷിച്ച് 2021ൽ 66.6 ശതമാനത്തിന്റെ കുറവാണ് ഉള്ളത്.
എന്നാൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിൽ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2019ൽ 13,450 ജീവനക്കാരുണ്ടായിരുന്നത് 2021ൽ 14,377 ജീവനക്കാർ ആണ് സ്വകാര്യ മേഖലയിൽ ഉള്ളത്. 2,557 ഫിസിഷ്യന്മാൻ ആണ് 2019 ൽ സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ 2021ൽ 60 പുതിയ ഫിസിഷ്യന്മാർ കൂടെ രാജ്യത്ത് എത്തിയിട്ടുണ്ട്. എന്നാൽ നഴ്സുമാർ സ്വകാര്യ മേഖലയിൽ കുറവാണ് ഉള്ളത്. 2019ൽ 4,078 ആയിരുന്നത് 2021ൽ 3,968 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല