സ്വന്തം ലേഖകൻ: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ ആയിരുന്നു മഴ. കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. വിവിധ ഇടങ്ങളില്‍ വാദികളില്‍പ്പെട്ട വാഹനങ്ങളില്‍ കുടങ്ങിയവരെ സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷപ്പെടുത്തി. നിരവധി പേരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി.
ആലിപ്പഴവും വര്‍ഷിച്ചു. മഴ നാളെ വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ലഭിച്ച പ്രദേശങ്ങളില്‍ താപനില താഴുകയും ചെയ്തു. മസ്‌കത്ത്, സീബ്, അസൈബ, ഗുബ്ര, ഖാബൂറ, ഖുറിയാത്ത്, ആമിറാത്ത്, നഖല്‍, ഇബ്രി, യങ്കല്‍, സുവൈഖ്, സുഹാര്‍, അവാബി, സമാഇല്‍, റുസ്താഖ്, ജഅലാന്‍ ബനീ ബൂ അലി, ഇസ്‌കി തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. രാവിലെ മുതല്‍ അന്തരീക്ഷം മേഘാവൃതമായിരുന്നുവെങ്കിലും ഉച്ചയോടെയാണ് മഴ എത്തിയത്. രാത്രിയിലും കനത്ത കാറ്റും മഴയും തുടര്‍ന്നു.
മഴയില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. നിരവധി വാഹനങ്ങളാണ് മഴയില്‍ തകര്‍ന്നത്. അതേസമയം, വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്നും മഴയും കാറ്റും ഇടി മിന്നലും തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് നാല് ഗവർണറേറ്റുകളിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ദാഹിറ, ബുറൈമി, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ് സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്.
മഴ ശക്തമായതിന് പിന്നാലെ ബൗശര്‍-അമിറാത്ത് ചുരം റോഡ് (അല്‍ ജബല്‍ സ്ട്രീറ്റ്) അടച്ചു. സുരക്ഷ ഉറപ്പുവരുത്തുന്നകിനായി യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗപ്പെടുത്തണം. മസ്‌കത്ത് ഗവർണറേറ്റിലെ മുഴുവൻ പാർക്കുകളും ഗാർഡനുകളും താത്കാലികമായി അടച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
രാജ്യത്തെ പ്രതികൂല കാലാവസ്ഥയിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് തൊഴിൽ മന്ത്രാലയം ബിസിനസ് ഉടമകളോട് ആവശ്യപ്പെട്ടു. ഔട്ട്ഡോർ ഏരിയകളിലെ ജോലി താൽക്കാലികമായി നിർത്തിവെക്കണം. അത്യാവശ്യമല്ലാത്ത ഡ്രൈവിങ്ങും ജോലിയുമായി ബന്ധപ്പെട്ട മറ്റ് യാത്രകളും മാറ്റിവെക്കണമെന്ന് തൊഴിൽ മന്ത്രാലയം ബിസിനസ് ഉടമകളോട് അഭ്യർഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല